ഷാഹ്‌റോസ്
ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവെ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ്‌ച്ചെലവാക്കവെ
ഹൃദയത്തിലുലാവുന്നു നിത്യ നിര്‍മല പൗര്‍ണമി
കാല്പനിക കാഴ്ചകളില്‍ കുടുങ്ങിക്കിടന്നിരുന്ന മലയാള കവിതയെ ജീവിതത്തിന്റെ പൊള്ളിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്ക് നയിച്ച കവിയായിരുന്നു അക്കിത്തം. ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിധ്യം കൊണ്ടും ആവിഷ്‌കാരത്തിലുള്ള ലാളിത്യം കൊണ്ടും അദ്ദേഹം ഉയര്‍ന്നു തന്നെ നിന്നു. മലയാള കവിതയില്‍ ആധുനികത ഉദയം കൊള്ളുന്നത് അക്കിത്തം 1952 ല്‍ പ്രസിദ്ധീകരിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യത്തിലാണെന്ന വായനയുണ്ട്.
അപരനായുള്ള സമര്‍പ്പണമാണ് അദ്ദേഹത്തിന്റെ കവിതകളില്‍ കാണാനൊക്കുക. അക്കിത്തത്തിന്റെ കാവ്യഭാഷ തികച്ചും മൗലികമായ ഒന്നാണ്. കാല്പനികയെ ബോധപൂര്‍വമോ അബോധപൂര്‍വമോ ചോര്‍ത്തിക്കളയുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനാരീതി.
193040 കളില്‍ പുരോഗമന ചിന്തയുള്ള മറ്റേതൊരു നമ്പൂതിരി യുവാവിനെയും പോലെ സാമുദായിക നവീകരണ പ്രസ്ഥാനങ്ങളിലൂടെയാണ് അക്കിത്തം പൊതുരംഗത്ത് പ്രവേശിക്കുന്നത്. പഴകിയ ആചാരങ്ങളുടെ കെട്ടുപൊട്ടിച്ച് പുരോഗമനപ്രസ്ഥാനങ്ങളുടെ നിലപാടു തറയിലേക്ക് ഇറങ്ങി നടന്നു അദ്ദേഹമടങ്ങുന്ന യുവസമൂഹം. ഇടശ്ശേരി, ബാലാമണിയമ്മ, കുട്ടികൃഷ്ണമാരാര്‍, വി ടി ഭട്ടതിരിപ്പാട്, എം ആര്‍ ബി എന്നിവരുമായുള്ള സംസര്‍ഗം അദ്ദേഹത്തിലെ കാവിവ്യക്തിത്വത്തെ വളര്‍ത്താന്‍ സഹായകമായിട്ടുണ്ട്.
1926 മാര്‍ച്ച് 18 നാണ് അദ്ദേഹത്തിന്റെ ജനനം. ചിത്ര കലയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല അഭിരുചി. അക്കാലത്തൊരിക്കല്‍ അമ്പലച്ചുമരില്‍ കരിക്കട്ട കൊണ്ട് വികൃതമായി വരച്ചു വെച്ച ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. എട്ടാം വയസുകാരനായിരുന്നു അന്ന് അക്കിത്തം. ഈ വികൃത വരകളോട് അദ്ദേഹം പ്രതികരിച്ചത് ആ ചുമരില്‍ ഒരു മറുകുറി എഴുതിക്കൊണ്ടായിരുന്നു.
അമ്പലങ്ങളിലീവണ്ണം തുമ്പില്ലാതെ വരക്കുകില്‍
വമ്പനാമീശ്വരന്‍ വന്നിട്ടെമ്പാടും നാശമാക്കിടും
എന്നതായിരുന്നു അന്ന ചുമരിലെഴുതിയത്. കൂട്ടുകാരാണ് ഇത് കവിതയായിട്ടുണ്ടല്ലോ എന്ന് അദ്ദേഹത്തോട് പറയുന്നത്. ഇതാകുമോ തന്റെ വഴി എന്ന ചിന്ത അദ്ദേഹത്തില്‍ ഉടലെടുക്കുന്നതും അപ്പോഴാണ്. വീട്ടിലിരുന്നുള്ള പഠനങ്ങളില്‍ നിന്ന് മാറി സംസ്‌കൃതത്തിനും ജ്യോതിഷത്തിനുമപ്പുറം ഒരു ലോകം അദ്ദേഹത്തിനു മുന്നില്‍ തുറക്കുന്നത് സ്‌കൂളില്‍ തേഡ് ഫോറത്തില്‍ ചേര്‍ന്നപ്പോഴാണ് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതു പക്ഷെ ഇന്റര്‍മീഡിയറ്റിനപ്പുറം കടന്നിട്ടുമില്ല.
അക്കിത്തത്തിന്റെ വിദ്യാഭ്യാസം കൂടുതല്‍ ശക്തിമത്താകുന്നത് വായനയിലൂടെയും സാഹിത്യബന്ധങ്ങളിലൂടെയുമാണ്. തന്റെ സര്‍വകലാശാല ഇടശ്ശേരിയും വിടി യുമായുള്ള നിരന്തര സംസര്‍ഗമായിരുന്നു എന്നു അക്കിത്തം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
തൃശ്ശൂര്‍, തിരുന്നാവായ, കടവല്ലൂര്‍, എന്നിവിടങ്ങളിലെ പ്രശസ്തമായ വേദപാഠശാലകളോടു ബന്ധപ്പെട്ട് വേദവിദ്യാപ്രചാരണത്തിന്നു പരി്രശമിച്ചു. 197488 കാലത്ത് പാഞ്ഞാളിലും, തിരുവന്തപുരത്തും കുണ്ടൂരിലും നടന്ന യജ്ഞങ്ങള്‍ക്കു പിറകില്‍ പ്രവര്‍ത്തിച്ച ശക്തിയായിരുന്നു. വൈദികപാരമ്പര്യത്തിന്റെ ഉദാത്തമായ പ്രപഞ്ചദര്‍ശനം ഇരുളില്‍ കെടാതെ സൂക്ഷിക്കുകയും യാഥാസ്ഥിതികവിരുദ്ധമായ ആധുനിക വീക്ഷണം ആവോളമുള്‍ക്കൊണ്ട് അബ്രാഹ്മണര്‍ക്കിടയിലും വേദവിജ്ഞാനം പ്രചരിപ്പിക്കണമെന്ന് നിശിതമായി വാദിക്കുകയും ചെയ്തു. ഒടുവില്‍ അദ്ദേഹം വിജയിച്ചു. പ്രശാന്തവും ധീരവുമായ ആ വ്യക്തിത്വ തേജസ്സിന്നുമുന്നില്‍ യാഥാസ്ഥിതികത്വം മഞ്ഞുപോലെഉരുകിപ്പോവുകയും വേദപഠനം സംബന്ധിച്ച് വിശാലവും ഉദാരവുമായ കാഴ്ചപ്പാട് സര്‍വ്വാദൃതമാവുകയും ചെയ്തു. മനുഷ്യെന മനുഷ്യനില്‍ നിന്നകറ്റിനിര്‍ത്തുന്ന യാഥാസ്ഥിതികത്വത്തിന്ന് അക്കിത്തം എന്നും ഒരു ഭീഷണിയായിരുന്നു. തീണ്ടലിനെതിരെ 1947 ല്‍ നടന്ന പാലിയം സത്യാഗ്രഹത്തില്‍ അദ്ദേഹം പങ്കെടുക്കുകയുണ്ടായി.
കവിത, നാടകം, ചെറുകഥ, ഉപന്യാസം, വിവര്‍ത്തനം എന്നിങ്ങനെ വിവിധമേഖലകളിലായി ആകെ 47 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളകവിതയില്‍ ആധുനികത ആരംഭിക്കുന്നത് അക്കിത്തം 1952 ല്‍ പ്രസിദ്ധീകരിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യത്തിലാണ്. അക്കാലത്തും തുടര്‍ന്നും കേരളത്തിലുടനീളം ആ കൃതി അവഗാഢമായ ആസ്വാദനത്തിന്നും നിശിതമായ വിമര്‍ശനത്തിന്നും വിഷയമായി. ഈ കാവ്യം സുവര്‍ണ്ണജൂബിലികൊണ്ടാടുന്ന ഈ കാലഘട്ടത്തിലും നിരൂപകര്‍ക്ക് ചര്‍ച്ചാവിഷയമായിരിക്കുന്നു.
മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായ ഒരു സാമൂഹിക ജീവിതദര്‍ശനത്തിന്റെ ഉദാത്തഭാവങ്ങളാണ് ലളിതവും അഗാധവുമായ ഈ ഇതിഹാസം പ്രസരിപ്പിക്കുന്നത്. സ്‌നേഹശൂന്യവും അതുകൊണ്ട് അധാര്‍മ്മികവുമാകുന്ന വിപഌവം വിജയിക്കയില്ലെന്ന് ദീര്‍ഘദര്‍ശിതയോടെ ആദ്യമായി വിളംബരം ചെയ്ത കൃതിയാണിത്.
മലയാളത്തിലെ ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാര ജേതാവാണ് അക്കിത്തം. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് രാജ്യം പത്മശ്രീ നല്‍കിയും അക്കിത്തത്തെ ആദരിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരത്തിനും അക്കിത്തം അര്‍ഹനായിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് , സഞ്ജയന്‍ പുരസ്‌കാരം തുടങ്ങിയ നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി.
മൂന്ന് പതിറ്റാണ്ട് ആകാശവാണിയില്‍ ജോലി ചെയ്തു അദ്ദേഹം. 1956ല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായിട്ടായിരുന്നു തുടക്കം. പിന്നീട് 1975ഓടെ തൃശ്ശൂര്‍ ആകാശവാണിയില്‍ എഡിറ്ററായി. 1985ല്‍ വിരമിച്ചു.