രണ്ടു പതിറ്റാണ്ടിന്‍റെ സാരഥ്യം, ആത്മ പ്രഭാവത്തോടെ നാസര്‍ മാസ്റ്റര്‍

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ്

പ്രതിനിധീകരിക്കുന്ന ഇടങ്ങളിലും, ജനജീവിതത്തിലും സ്വപ്നങ്ങള്‍ സഫലീകൃതമാക്കാന്‍ പ്രവൃത്തി പരിചയവും അനുഭവവും എത്രത്തോളം ഉപകാരപ്രദമാകുന്നു ഒരു ജനപ്രതിനിധിക്ക് എന്നതിനുള്ള നേര്‍ക്കാഴ്ച്ചയാണ് താഴേക്കോട് പ്രദേശത്ത് എ.കെ .നാസര്‍ മാസ്റ്റര്‍. തന്റെ സേവനം ആവശ്യമായ ദേശത്തെ ഓരോ വ്യക്തിക്കും പ്രായവ്യത്യാസമില്ലാതെ പരിചിതമായ മുഖമാണ്, എന്നതിലുപരി തങ്ങള്‍ക്ക് പ്രാപ്യമാണ് എന്നും നാസര്‍ മാസ്റ്റര്‍ എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ നാട്ടുകാര്‍ക്ക് പ്രിയങ്കരനും ആദരണീയനുമാക്കുന്നത്.
രണ്ടു ദശാബ്ധക്കാലമായി നാടിന്റെ മിടിപ്പിലും തുടിപ്പിലും അദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ടെന്നത് നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ചെറുപ്പം മുതലേ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകനായും നേതാവായും സേവന വഴിയിലിറങ്ങിയ അദ്ദേഹം നാടുനല്‍കിയ സ്‌നേഹത്തിന്റെ പിന്തുണയോടെ ബ്ലോക്കിന്റെയും പഞ്ചായത്തിന്റെയും ഭരണ സാരഥിയായി. യൂത്ത് ലീഗ് താഴെക്കോട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്റ്, മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം നിലവില്‍ മുസ്ലിംലീഗ് മണ്ഡലം സീനിയർ വൈസ് പ്രസിഡന്റും മലപ്പുറം ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്‍ പ്രസിഡന്റും, ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗവുമാണ്.
1995 ല്‍ 28ാം വയസ്സില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് മെമ്പറായി വിജയിച്ച നാസര്‍ മാസ്റ്റര്‍ ജില്ലയില്‍ തന്നെ ആദ്യത്തെ കുടിവെള്ള പദ്ധതി വിജയകരമായി നടപ്പിലാക്കിയാണ് അധികാര കേന്ദ്രത്തിലെ തന്റെ വരവറിയിച്ചത് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രശംസ ഏറ്റുവാങ്ങിയ പദ്ധതിയായിരുന്നു ഇത്. അടിസ്ഥാന വികസനങ്ങള്‍ നന്നേ കുറവായിരുന്ന അക്കാലത്ത് സമ്പൂര്‍ണ്ണ ശുചിത്വ പരിപാടിയുടെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴായിരത്തോളം കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മിച്ച് കൊടുക്കുകയും അതിലൂടെ ഒരു പ്രദേശത്തെ ജനങ്ങളെ ശുചിത്വ ബോധമുള്ള തലമുറയായി വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങളക്ക് ആക്കം കൂട്ടുകയും ചെയ്തു അദ്ദേഹം. അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയായിരുന്നു ആ പദ്ധതി ഉദ്ഘാടനം ചെയ്തത്.


പിന്നീട് 2000 ത്തില്‍ താഴേക്കോട് പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയും തുടര്‍ന്നുള്ള കാലങ്ങളില്‍ പഞ്ചായത്ത് മെമ്പറായും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും, വൈസ് പ്രസിഡണ്ടായും ശോഭിച്ച നാസര്‍ മാസ്റ്റര്‍ നിറഞ്ഞ ആദരവും ജന പിന്തുണയും ഏറ്റുവാങ്ങിയാണ്, പ്രസിഡന്റായി ചുമതല ഏല്‍ക്കുന്നത്.
താഴേക്കോട് പഞ്ചായത്തിന്റെയും പരിസര പ്രദേശങ്ങളുടെയും ഓരോ വികസനത്തിലും അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടെന്ന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഇന്ന് നാട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. 2010 – 15 വര്‍ഷങ്ങളില്‍ വൈസ് പ്രസിഡന്റായിരിക്കുമ്പോള്‍ പഞ്ചായത്തിലെ ഭവനരഹിതരായ 465 കുടുംബങ്ങള്‍ക്ക് വീടുണ്ടാക്കി നല്‍കാന്‍ കഴിഞ്ഞു എന്നത് നാട്ടുകാര്‍ ആദരപൂര്‍വ്വം ഓര്‍ക്കുന്ന ജനപക്ഷ വികസന പ്രവര്‍ത്തനങ്ങളിലൊന്നാണ്.

കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തില്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ട മലപ്പുറം ജില്ലയില്‍ അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിസ്മയിപ്പിക്കും വിധം സാധ്യമാക്കി എന്നതാകും ഒരു പക്ഷേ നാസര്‍ മാസ്റ്റര്‍ നടപ്പിലാക്കിയ ജനകീയ പ്രവര്‍ത്തനങ്ങളില്‍ വരും തലമുറയെ പ്രചോദിപ്പിക്കുന്നത്.
വയോജന പഠനത്തുടര്‍ച്ചകള്‍ സംസ്ഥാനത്ത് മറ്റൊരിടത്തും നടപ്പിലാകാത്തത്ര അവധാനതയോടെ തന്റെ ദേശത്ത് നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജാലകം എന്ന പേരില്‍ പത്താം തരം തുല്ല്യതാ പരീക്ഷയില്‍ പഞ്ചായത്തില്‍ നിന്ന് പ്രായം ചെന്നവരുള്‍പ്പടെ 587 പേരെ പരീക്ഷക്കിരുത്തുകയും അതില്‍ നിന്ന് 576 ആളുകളെ വിജയിപ്പിച്ചെടുക്കുകയും ചെയ്തത് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച നേട്ടമായിരുന്നു, പഞ്ചായത്തിലെ 15 കേന്ദ്രങ്ങളില്‍ കോച്ചിംഗ് ക്ലാസ് സംഘടിപ്പിച്ചാണ് ഇവരെ പരീക്ഷക്ക് തയ്യാറാക്കിയത്. അതില്‍ നിന്നും വിജയിച്ച നിരവധി പേര്‍ ഇന്ന് +2 പരീക്ഷക്കുള്ള തയ്യാറെടുപ്പിലാണെന്നത് ഒരു നാട് വിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യത്തെയും വിളിച്ചോതുന്നുണ്ട്.
പ്രസിഡന്റായി തെരഞ്ഞെടുത്തതിന് ശേഷം എല്ലാ വാര്‍ഡുകളിലും നടത്തിയ ജന സമ്പര്‍ക്ക പരിപാടി നാടിന്റെ സ്പന്ദനം തൊട്ടറിയാനും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും, പഞ്ചായത്ത് നടപ്പില്‍ വരുത്തേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ആസൂത്രണത്തിനും സഹായകമായി എന്ന് അദ്ദേഹം പറഞ്ഞു. ഓരോ വികസന പദ്ധതിക്കും ഫണ്ട് ചിലവഴിക്കുമ്പോള്‍ അതിനെക്കുറിച്ച് വ്യക്തമായി പഠിച്ച് ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളാണ് എടുക്കാറുള്ളത്. ഫണ്ടുകള്‍ വീതിച്ചു നല്‍കുന്നതിന് പകരം ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് നല്‍കി ആ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കുന്ന രീതിയാണ് മാസ്റ്റര്‍ സ്വീകരിക്കുന്നത്.

കഴിഞ്ഞ 5 വര്‍ഷം പഞ്ചായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുത്തിട്ടുള്ളത്. ഓരോ അധ്യായന വര്‍ഷത്തിന്റെ തുടക്കത്തിലും പുതുതായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റ് വിതരണം ചെയ്യുകയും അധ്യാപകരുടെ സംഗമങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. വിദ്യാര്‍ത്ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് 13 മേഖലകളാക്കി തിരിച്ച് നാടകം, ഷോര്‍ട്ട് ഫിലിം, കഥ, കവിത, പ്രവൃത്തി പരിചയം, എന്നിങ്ങനെ അവരുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് ക്യാമ്പുകളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കാനും പഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചിട്ടുണ്ട്. ഇതിന് പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനക്യാമ്പും വിവിധ പരിപാടികളും സംഘടിപ്പിച്ച് വരുന്നു. എല്‍.എസ്.എസ് യു.എസ്.എസ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കോച്ചിംഗ് ക്ലാസ്, മോഡല്‍ ടെസ്റ്റ്, 4-ാം ക്ലാസിലെയും 7-ാം ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്‌ബോള്‍ മത്സരവും പരിശീലനവും എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ക്ക് പഞ്ചായത്തിന് നേതൃത്വം നല്‍കാന്‍ കഴിഞ്ഞു. പഞ്ചായത്തിലെ 7ാം ക്ലാസ് വരെയുള്ള 6500 വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആരോഗ്യ പരിപാലനത്തിന്റെയും ശുചിത്വത്തിന്റെയും ഭാഗമായി വെള്ളം ശേഖരിക്കാന്‍ സ്റ്റൈന്‍ലസ് സ്റ്റീല്‍ വാട്ടർബോട്ടില്‍ വിതരണം ചെയ്തു.

നേതൃമികവുള്ള സാരഥിയുടെ മികവ് പ്രകടമായ മറ്റൊരു പദ്ധതിയാണ്, മണ്ണില്‍ പൊന്നുവിളയിച്ചെടുത്ത് നടപ്പിലാക്കിയ കാര്‍ഷിക മുന്നേറ്റം. 50 ഹെക്ടര്‍ ഭൂമിയിലെ നെൽകൃഷിയും പച്ചക്കറി കൃഷിയും വാഴ കൃഷിയും ഈ രംഗത്തെ മുന്നേറ്റം വ്യക്തമാക്കുന്നു.
ക്ഷീര കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുനൂറോളം കറവപശുക്കളെയും ആടുകളെയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ജലക്ഷാമം പരിഹരിക്കാന്‍ അമ്പതോളം ചെറുതും വലുതുമായ കുടിവെള്ള പദ്ധതികള്‍ ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു.

നിലവില്‍ പട്ടികജാതി വിഭാഗക്കാര്‍ കൂടതലുള്ള പ്രദേശമാണ് താഴെക്കോട്. അത്തരം കുടുംബങ്ങളില്‍ നിന്ന് വരുന്ന എല്‍.പി യു.പി വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ സൗജന്യ ട്യൂഷനും അവര്‍ക്കുള്ള പ്രഭാത ഭക്ഷണവും നല്‍കുന്ന പദ്ധതിയും നടപ്പിലാക്കി. വരും തലമുറയില്‍ നിന്ന് ഉന്നത സിവില്‍ സര്‍വ്വീസ് മേഖലിയില്‍ ഈ പ്രദേശത്തുകാരുടെ സാന്നിദ്ധ്യം ഉണ്ടാവണമെന്നാഗ്രഹമെന്ന് നാസര്‍ മാസ്റ്റര്‍ പറയുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഏഴാം തരം മുതല്‍ +2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിജയരഥം എന്ന പേരില്‍ സൗജന്യ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തിയാണ് കഴിവുള്ളവരെ കണ്ടെത്തുന്നത്.


മികച്ച പഠനസൗകര്യങ്ങള്‍ ലഭിക്കാത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുക എന്ന സമഗ്ര പദ്ധതിയാണ് അടിസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയത്. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്, പഠനമുറി, സ്‌കോളര്‍ഷിപ്പ്, ഗവണ്‍മെന്റ്, എയിഡഡ് സ്‌കൂളുകളില്‍ ആവശ്യത്തിന് ടോയ്‌ലറ്റ് ബ്ലോക്കുകള്‍, സര്‍ക്കാര്‍ സ്‌കൂളുകളില്‍ മികച്ച അന്തരീക്ഷമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഉദ്യാനം എന്നിങ്ങനെ ബഹുമുഖ വികസനങ്ങളാണ് നടപ്പിലാക്കിയത്.
ആകെയുള്ള 33 അംഗനവാടികളില്‍ 22 എണ്ണത്തിന് കോണ്‍ഗ്രീറ്റ് കെട്ടിടം പണിയാന്‍ സാധിച്ചതും എടുത്ത് പറയേണ്ട നേട്ടങ്ങളിലൊന്നാണ്.
ആരോഗ്യ രംഗത്തും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ മാസ്റ്റര്‍ സാധ്യമാക്കിയിട്ടുണ്ട്. പിഎച്ച്‌സി ഇന്ന് ഫാമിലി ഹെല്‍ത്ത് സെന്ററായി മാറിയിട്ടുണ്ട്. നിലവിലെ 3 ഡോക്ടര്‍മാര്‍ക്ക് പുറമെ പഞ്ചായത്ത് നിയോഗിച്ച ഒരു ഡോക്ടറുടെ സേവനവും ഇന്ന് ജനങ്ങള്‍ക്ക് ലഭ്യമാണ്, അതിനാല്‍ ഈ ആതുരാലയം ഇന്ന് പഞ്ചായത്തിലെ സാധാരണക്കാരന്റെ അഭയ കേന്ദ്രമായി മാറിയിരിക്കുകയാണ്. ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപ എം.എല്‍.എ ഫണ്ടിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്..നിലവില്‍ 6 സബ്‌സെന്ററുകള്‍ വേറെയും പ്രവര്‍ത്തിക്കുന്നുണ്ട്. പുറമെ ആയുര്‍വ്വേദ, ഹോമിയോ ഡിസ്പന്‍സറികളുടെ അടിസ്ഥാന വികസനങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതിലും ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നൂറിലധികം കിണര്‍ കുഴിക്കല്‍, നിരവധി തൊഴുത്ത് ആട്ടിന്‍ കൂടുകള്‍ നിര്‍മ്മാണം, റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യല്‍, കുളം നിര്‍മ്മാണം എന്നിങ്ങനെ നിരവധി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
വൃദ്ധര്‍, സ്ത്രീകള്‍, കുട്ടികള്‍, പട്ടികജാതി,പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ദേയമായ പ്രവര്‍ത്തനങ്ങൾ കാഴ്ചവെച്ചത് ഈ ഭരണ സമിതിയുടെ നേട്ടമാണ്. ഗതാഗത രംഗത്തും സമ്പൂര്‍ണ്ണ വികസനം നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്.
കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിന് പരിരക്ഷ പദ്ധതിയും പ്രായം ചെന്നവര്‍ക്ക് വിശ്രമിക്കാനും ഒത്തുചേരാനുമായി സായംപ്രഭ എന്ന മാതൃകാപരമായ ആശയവും നടപ്പിലാക്കിയിട്ടുണ്ട്. കിടപ്പിലായ രോഗികളുടെ സംഗമം, ടൂര്‍, വിവിധ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുകയും അവര്‍ക്കാവശ്യമായ വീല്‍ചെയര്‍, മുചക്ര വാഹനങ്ങള്‍ അടക്കമുള്ള സഹായങ്ങളും നടപ്പിലാക്കിക്കൊണ്ട് അധികാരം ജനങ്ങളിലേക്ക് എന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യത്തെ സാക്ഷാത്കരിക്കുകയാണ് നാസര്‍ മാസ്റ്റര്‍.
വളരെ ജനകീയമായ രീതിയില്‍ താഴെക്കോട് ഫെസ്റ്റ് സംഘടിപ്പിക്കുകയും പ്രദേശത്തെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവരെ ആദരിക്കുകയും ചെയ്തു. ആവശ്യമായ സ്ഥലങ്ങളിലെല്ലാം മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുകയും, മൃഗാശുപത്രിക്കും കൃഷിഭവനും പുതിയ കെട്ടിടങ്ങള്‍, ആദിവാസികളുടെ വീടിന്റെ നവീകരണം തുടങ്ങി നിരവധി വികസന/സേവന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കാന്‍ സാധിച്ച ഭരണ സമിതിയുടെ അമരക്കാരനവാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് നാസര്‍ മാസ്റ്റര്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
കോവിഡ് കാലത്ത് നാട്ടുകാരുടെ ആരോഗ്യത്തിന് കാവല്‍ നിന്ന് കൊണ്ട് വീട്ടിലിരിക്കൂ സമ്മാനം നേടൂ എന്ന പദ്ധതി ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏപ്രില്‍ 7 മുതല്‍ ജൂണ്‍ 17 വരെയായിരുന്നു പഞ്ചായത്ത് നടപ്പിലാക്കിയ ഈ കാമ്പയിന്‍. ഈ കാലയളവില്‍ വീട്ടില്‍ നിന്നും തീരെ പുറത്തിറങ്ങാത്ത 33 വീടുകളെ തെരഞ്ഞെടുക്കുകയും അതില്‍ നിന്നും നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം നേടിയ കുടുംബത്തിന് അരപ്പവന്റെ ഗോള്‍ഡ് കോയിന്‍, രണ്ടാം സമ്മാനം ഫ്രിഡ്ജ്, മൂന്നാം സമ്മാനം വാഷിംഗ് മെഷീന്‍ ബാക്കിയുള്ളവര്‍ക്ക് പ്രോത്സഹാന സമ്മാനവും നല്‍കാന്‍ കഴിഞ്ഞു. ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ വഴി വിവിധ കലാ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

മുദ്രപ്പെടുത്തിയ വികസനങ്ങളും, നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളും പരിഗണിച്ച് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചിട്ടുണ്ട്. ശ്രമകരമായ പദ്ധതികളെ അതിന്റെ പരിപൂര്‍ണ്ണതയോടെ സാധ്യമാക്കിയതിനെ കുറിച്ച് ചോദിക്കുമ്പോഴും നിഷ്‌ക്കളങ്കമായൊരു പുഞ്ചിരിയോടെയാണ് നാസര്‍ മാസ്റ്ററുടെ മറുപടി.
രണ്ടു പതിറ്റാണ്ടു നീണ്ട സേവന പാതകള്‍ പിന്നിട്ടവന്റെ ആത്മവിശ്വാസമുള്ള ചിരി.
ഈ പുഞ്ചിരി തന്നെയാകണം, ഏതു സേവനത്തിനും ഈ സാരഥി മുന്നിലുണ്ടായാല്‍ മതി എന്ന വിശ്വാസം നാട്ടുകാര്‍ക്കുള്ളില്‍ ഉറപ്പിക്കുന്നതും.

1 Comment

  1. Abdul Gafoor.VK
    September 27, 2020 - 9:36 am

    പഞ്ചായത്ത് വികസന നായകൻ, കക്ഷി രാഷ്ട്രീയ മത സംഘടന വ്യത്യാസം ഇല്ലാതെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന വേക്തിത്വം.. നല്ലൊരു അയൽവാസി എന്ന നിലയിൽ നല്ലൊരു സംഘടകൻ, മുസ്ലിം ലീഗ് മണ്ഡലം അമരക്കാരൻ…. എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന നാസർ മാഷ് … ഇനിയും തുടരട്ടെ…. ഇൗ ജൈത്രയാത്ര…

    Reply

Leave a Reply

Your email address will not be published. Required fields are marked *