അജ്മൽ അലി പാലേരി
നീണ്ട ആറുമാസം, സഞ്ചാരിയെ സംബന്ധിച്ച് ജയിലിലകപ്പെട്ട പോലെയാണ് ദിവസങ്ങൾ കഴിഞ്ഞുപോകുന്നത്. കാടും മലയും കാട്ടാറുകളും കടൽതീരവുമെല്ലാം എനിക്ക് മിസ്സ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. വീട്ടിൽ വെറുതേയിരിക്കാൻ രസമായിരുന്ന ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു, വർക്ക് ഫ്രം ഹോം രാത്രികളെ പകലുകളും പകലുകളെ രാത്രികളുമാക്കി മാറ്റിയപ്പോൾ എനിക്കു കാത്തുനിൽക്കാൻ കഴിഞ്ഞില്ല, ഭാഗുമെടുത്തിറങ്ങാൻ തന്നെ തീരുമാനിച്ചു.രാജ്യം സമ്പൂർണ്ണ ലോക്ക്ഡൗണ് ഘട്ടം ഘട്ടമായി പിൻവലിച്ചുകൊണ്ടിരിക്കുന്നു. രോഗവ്യാപനം പേടിച്ചു സംസ്ഥാനാതിർത്ഥികളർല്ലാം ശത്രുരാജ്യങ്ങൾ പോലെ കൊട്ടിയടച്ച കാലം മാറി, ആളുകൾ വേണ്ട മുൻകരുതലുകളെടുത്ത് തങ്ങൾക്ക് ആവശ്യമായിടത്തെല്ലാം യഥേഷ്ടം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.വയനാട് പ്രതീക്ഷിച്ചിറങ്ങിയ ഞങ്ങളെ മാടിവിളിച്ചത് അട്ടപ്പാടിയാണ്. ഞങ്ങൾ എന്നു പറഞ്ഞാൽ ഞങ്ങൾ മൂന്നുപേർ, മുസജ്ജിദും സാലിഹും പിന്നെ ഞാനും. എല്ലാവരും കൊറന്റൈൻ പൂർത്തിയാക്കിയവർ, മറ്റൊരുതരത്തിൽ പറഞ്ഞാൽ ചരിത്രത്തിന്റെ ഭാഗമായവർ. അവർ രണ്ടുപേരും വിദേശരാജ്യങ്ങളിൽ നിന്നു വന്നവരും ഞാനാണെങ്കിൽ ബാംഗ്ഗലൂരുവിൽ നിന്നും വന്നതും.
മലപ്പുറത്തെ വീട്ടിൽനിന്നും ഉച്ചകഴിഞ്ഞിറങ്ങിയ ഞങ്ങൾ വൈകുന്നേരമായി മണ്ണാർക്കാട് നിന്നും ചുരം കയറാൻ. ദൂരെ മലമടക്കുകളിൽ കോടയിറങ്ങിത്തുടങ്ങിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ മഴയുള്ളതിനാൽതന്നെ ചുരത്തിൽ അങ്ങിങ്ങായി വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ചുരത്തിലെ വ്യൂപോയിന്റിലൊന്നും സാധാരണയായി കാണാറുള്ള തിരക്കുകളൊന്നും തന്നെയില്ല. ഉള്ളവർത്തന്നെ മാസ്‌കെല്ലാമിട്ടുകൊണ്ട് സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെയാണ് കാഴ്ചകൾ കാണുന്നത്.സൈലന്റ് വാലി ദേശീയോദ്യാനത്തോട് ചേർന്നുള്ള അട്ടപ്പാടി വനമേഖലയിലെ ചെക്ക്പോസ്റ് കടക്കുമ്പോൾ നേരം ഇരുട്ടിയിരുന്നു. മുക്കാലി കഴിഞ്ഞു കൽക്കണ്ടിയിൽ നിന്നും വലത്ത് തിരിഞ്ഞുപോയിട്ടാണ് താമസിക്കാനുള്ള റിസോർട്ട് ബുക്ക്‌ചെയ്തിരുന്നത്. കൊറോണ കാരണം റിസോർട്ടിലെ റെസ്റ്റോറന്റ് അടച്ചതുകൊണ്ട്, പോകുന്നവഴി ഭക്ഷണം വാങ്ങിച്ചുപോവേണ്ടതായുണ്ട്. ഇനിയുള്ള ആറുകിലോമീറ്റർ കടകളൊന്നുംതന്നെയില്ലാത്ത കാരണം കൽകണ്ടിയിൽ നിന്നും ഭക്ഷണം വാങ്ങിച്ചു യാത്ര തുടർന്നു.സമയം എട്ടുമണിയാവുന്നതെയൊള്ളൂ… മുന്നോട്ടുപോകുംതോറും വീടുകൾ അപ്രത്യക്ഷമായിത്തതുടങ്ങി. കോടമഞ്ഞു റോഡുകളും വഴികളും കാണാതാവിധം ഞങ്ങളുടെ കാഴ്ച മറക്കുന്നുണ്ടായിരുന്നു. കാറിന്റെ ടയറിൽ നിന്നും ശബ്ദംകേട്ട് പുറത്തിറങ്ങിയ ഞങ്ങളെ വിഷമത്തിലാക്കി ടയറിൽ ഒരാണി തറച്ചിരിക്കുന്നു. ഭാഗ്യവശാൽ വല്യ പ്രശ്‌നങ്ങളില്ലാതെ റിസോർട്ടിലെത്തുമ്പോൾ ഗേറ്റ് അടഞ്ഞു കിടക്കുന്നു. കൊറോണ കാരണം ഒരു കെയർട്ടേക്കറല്ലാതെ ആരുംതന്നെയില്ലായിരുന്നവിടെ.ഗേറ്റ് കടന്നു ഒരു കുന്നുകയറിവേണം അട്ടപ്പാടിയിലെ ഗ്യാലക്സി ഫാമിലി റിസോർട്ടിലെത്താൻ.
കൂടെയുള്ളവരെപോലും കാണാൻ കഴിയാത്തവിധം റിസോർട്ടിനെ കോട പുതച്ചിരിക്കുകയാണ്. വാഹനത്തിൽനിന്നിറങ്ങി ആസാമുകാരനായ കേയർട്ടേക്കറുടെ കൂടെ ഞങ്ങളുടെ കോട്ടേജിലേക്കു നടക്കുമ്പോൾ വഴികളെല്ലാം തന്നെ അവ്യക്തമായിരുന്നു. ഒന്നു കുളിച്ചു ഫ്രഷായി പുറത്തിറങ്ങുമ്പോഴേക്കും ഞങ്ങൾക്കുള്ള ക്യാമ്പ്ഫയർ റേഡിയാക്കുന്നുണ്ടായിരുന്നു. ആറേക്കറിൽ പരന്നുകിടക്കുന്ന റിസോർട്ടിലെ കുന്നിൻചെരുവിൽ പനയോലമേഞ്ഞ കുടിലിനുള്ളിലാണ് ക്യാമ്പ്ഫയർ.
കോടമഞ്ഞിന്റെ കൂടെ ചാറ്റൽമഴകൂടിയായായപ്പോൾ ഞങ്ങൾ കഥകൾ പറഞ്ഞു ക്യാമ്പ്ഫയറിന് ചുറ്റും കൂടി.രാത്രിവൈകിയാണുറങ്ങിയതെങ്കിലും രാവിലെ അഞ്ചരക്കുതന്നെ എണീറ്റു. യാത്രകളിൽ എന്തുതന്നെയായാലും നേരത്തെയെണീക്കൽ ഒരു ശീലമാണ്. രാത്രിയിൽ കോടമഞ്ഞുണ്ടെങ്കിൽ രാവിലെ കാണില്ലെന്ന എന്റെ ധാരണ അപ്പാടെ തെറ്റിച്ചുകൊണ്ടു കോടയിൽപുതച്ചിരിക്കുന്ന റിസോർട്ടിന്റെ പ്രഭാതകാഴ്ചകൾ എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വെത്യസ്ഥങ്ങളായിട്ടുള്ള ധാരാളം പൂക്കളും ചെടികളും നിറഞ്ഞ ഒരു ഉദ്യാനത്തിനാൽ ചുറ്റപ്പെട്ട ഒരു സ്വർഗ്ഗത്തിലായിരുന്നു ഇന്നലെ ഞങ്ങൾ താമസിച്ചിരുന്നത്. ഒൻപതുമാണിയായപ്പോഴേക്കും ഞങ്ങൾക്കുള്ള പ്രഭാതഭക്ഷണവുമായി ഗോപാലേട്ടനെത്തി. മൂപ്പര് അവിടുത്തെ പുറംപണിക്കാരനാണ്. അദ്യേഹത്തെ കൂടാതെ നമ്മുടെ ആസാമി ചേട്ടനും ഭാര്യയുമെല്ലാമാണ് റിസോർട്ടിലെ കൃഷിയും കാര്യങ്ങളുമെല്ലാം നോക്കിനടത്തുന്നത്. റിസോർട്ടിന്റെ പുറകുവശത്ത് കാടാണ്. ഭക്ഷണത്തിന് ശേഷം ഗോപാലേട്ടന്റെ കൂടെ കഥകൾ പറഞ്ഞു കാട്ടരുവികൾ കടന്നു ഒരു പ്രഭാത നടത്തം. പതിനൊന്നുമണികഴിഞ്ഞു കുന്നിന്മുകളിലെ ആ റിസോർട്ടിൽനിന്നിറങ്ങുമ്പോൾ കോടമഞ്ഞു പോകുന്നതെയോള്ളായിരുന്നു. ഇനി അടുത്ത ലക്ഷ്യം അട്ടപ്പാടിയിലെ ഗ്രാമവഴികളായിരുന്നു. അയ്യപ്പനും കോശിയും സിനിമ ചിത്രീകരിച്ച അട്ടപ്പാടിയിലെ സ്ഥലങ്ങൾ കാണണം. ഗോപാലേട്ടനിൽനിന്നും ചോദിച്ചറിഞ്ഞപ്രകാരം കോട്ടത്തറ എന്ന സ്ഥലത്ത് സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചതായി അറിയാൻ കഴിഞ്ഞു. നരസിമുക്കു വഴി കാട്ടിലൂടെയുള്ള ആ യാത്ര അട്ടപ്പാടിയിലെ ഗ്രാമഭംഗി അസ്വദിച്ചുള്ളതായിരുന്നു. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കിഷിയിടങ്ങളിൽ നിലക്കടലയും പപ്പായയും തുടങ്ങി എല്ലാവിധ പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും കൃഷിചെയ്യുന്ന ആളുകളിലധികവും തമിഴ് സംസാരിക്കുന്ന ഗ്രാമീണരായിരുന്നു. സിനിമ ചിത്രീകറിച്ച മാർക്കറ്റും, ലോഡ്ജുമെല്ലാം കാണിച്ചുതന്നത് നാട്ടുകാരനായ സലീംക്കയായിരുന്നു. കോട്ടത്തറയിൽ നിന്നും ആനക്കട്ടിവഴി ഷോളയൂരിലേക്കുള്ള വഴിയിൽ ദൂരെനിന്നുതന്നെ വിൻഡ്‌മില്ലുകൾ കാണാൻ കഴിയുന്നുണ്ടായിരുന്നു. അവിടെയാണ് സിനിമയിലെ പോലീസ്സ്റ്റേഷൻ സീനുകൾ ചിത്രീകരിച്ചിരുന്നത്. പുൽമേടുകൾ നിറഞ്ഞ ഷോളയൂർ ഗ്രാമത്തിന്റെ ഭംഗി സ്വിറ്റ്സർലന്റിലെ ഗ്രാമങ്ങളെപോലെ തോന്നിപ്പിക്കുന്നവിധം പച്ചപ്പുനിറഞ്ഞതാണ്. വിൻഡ്‌മില്ലിനോട് ചേർന്ന പോലീസ്റ്റേഷൻ തിരഞ്ഞു നടന്ന ഞങ്ങൾക്ക് സിനിമയ്ക്കായി സെറ്റിട്ട സ്റ്റപ്പുകളും മതിൽകെട്ടും മാത്രമേ കാണാൻ കഴിഞ്ഞോള്ളൂ.ചുരംകയറി അട്ടപ്പാടിയിൽ ചെന്നാൽ കാണാനൊരുപാടുണ്ട്. കൊറോണയെന്ന മഹാമാരി നമ്മൾ സഞ്ചാരികളെ എത്രത്തോളം ബാധിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കിത്തന്ന ഒരു യാത്ര അവസാനിക്കുമ്പോൾ ഇനിയെത്രനാൾ വേണ്ടിവരും നമുക്ക് പഴയപോലെ കാടും മലകളും കയറിയിറങ്ങാൻ എന്ന ചോദ്യം മാത്രമായിരുന്നു ബാക്കി.