ആത്മ സമര്‍പ്പണത്തിന്‍റെ വിജയ മുദ്രകള്‍

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ്

”അദ്ധ്യാപകരുടെ അര്‍പ്പണബോധത്തേയും സഹിഷ്ണുതയും ബഹുമാനിക്കേണ്ടത് രാഷ്ട്രത്തിനാവശ്യമാണെന്ന ചിന്തയില്‍ നിന്നാണ് അദ്ധ്യാപക ദിനം ആചരിക്കുന്നത് !

മെച്ചപ്പെട്ട ജനതയെ കരുപ്പിടിപ്പിക്കുന്നതില്‍ അദ്ധ്യാപകന്റെ പങ്ക് അനിഷേദ്ധ്യമാണ് . അവരുടെ മഹിമ സ്വയം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ അദ്ധ്യാപകര്‍ ഒരുങ്ങേണ്ടതാണ് …
അദ്ധ്യാപക ദിനത്തില്‍ അവര്‍ എടുക്കേണ്ട പ്രതിജ്ഞയാണത് …

കേവലം പാഠപുസ്തകങ്ങള്‍ക്കപ്പുറം അറിവിന്റെയും മൂല്യവത്തായ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഒരു പിടി ഗുരുനാഥന്‍മാരെ ഓര്‍ക്കുന്ന വേളയില്‍ അങ്ങാടിപ്പുറത്തുകാരനായ എന്റെ ഓര്‍മ്മയില്‍ അന്നും ഇന്നും എന്നും ഒളിമങ്ങാതെ തെളിയുന്ന ഗുരുനാഥന്റെ രൂപമാണ് ശ്രീ. പാണ്ടത്ത് നാരായണന്‍ മാഷ് …

ലോവര്‍ പ്രൈമറി കാലഘട്ടത്തില്‍ എ.എം.എല്‍.പി സ്‌കൂള്‍ കോട്ടപ്പറമ്പിലെ പ്രധാനാദ്ധ്യാപകനായി റിട്ടയര്‍ ചെയ്തിരുന്ന അദ്ദേഹത്തിന് ഇന്നാട്ടിലും മറുനാട്ടിലും എണ്ണിയാല്‍ ഒടുങ്ങാത്ത ശിഷ്യഗണ സമ്പത്താല്‍ അനുഗ്രഹീതനാണെന്നതില്‍ നമുക്കഭിമാനിക്കാം…..

അറിവിന്റെ കലവറയായ നമ്മുടെ മാഷിനും , മറ്റ് ഗുരുനാഥന്‍മാര്‍ക്കുമായി പ്രാര്‍ത്ഥിക്കാം ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ !”
എന്നായിരുന്നു, അദ്ധ്യാപകദിനത്തില്‍ നാരായണന്‍ മാഷിന്റെ വസതിയിലെത്തി ആദരവിന്റെ പൊന്നാടയണിയിച്ച് അഡ്വ.റഷീദലിയിലെ ശിഷ്യന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച സന്ദേശം.

മികവിന്റെ ഭാവി മുദ്രപ്പെട്ടു കിടക്കുന്ന ഒരു ശിഷ്യനെ തിരിച്ചറിയുമ്പോഴാകും ഒരധ്യാപകന്റെ ജീവിതം നിര്‍വൃതി കൊള്ളുക. ആ അര്‍ത്ഥത്തില്‍ റഷീദലിയുടെ ജീവിതം ചുവടുവച്ച കാലം തൊട്ട് കടന്നു പോയ
ഗുരു പരമ്പരകളൊക്കെയും ആ നിര്‍വൃതി അനുഭവിച്ചിട്ടുണ്ടാകണം. കാരണം സ്‌കൂള്‍ തലം തൊട്ട് റഷീദലിയില്‍ പ്രകടമായതാണ്, നായകപ്പിറവിയുടെ സൂചനകള്‍. ക്ലാസിലും പിന്നെ സ്‌കൂളിലും ലീഡറായിരുന്ന റഷീദ് കാമ്പസിലും, പൊതു രംഗത്തും, തുടര്‍ന്ന് ഭരണരംഗത്തും ആ ലീഡര്‍ഷിപ്പിന്‍റെ തുടര്‍ച്ചകള്‍ കാത്തു വയ്ക്കുന്നുണ്ട്.
നായകനാകാന്‍ പിറന്നവന്‍റെ അനിഷേധ്യ മുന്നേറ്റങ്ങളായി അവ മുദ്രപ്പെട്ടു കിടക്കുന്നു.

കോട്ടപ്പറമ്പ് ക്ലാസിക് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രസിഡന്‍റായിട്ടാണ് ടി.കെ റഷീദലിയുടെ ഉള്ളിലെ പൊതുപ്രവര്‍ത്തകന്‍ രൂപപ്പെടുന്നത്. കേരളം ശ്രദ്ധിക്കുന്ന യുവനേതാവിലേക്കുള്ള പൊതു ഇടത്തെ ആദ്യ ചുവടു വയ്പായിരുന്നു അത്.

നാടിന് വേണ്ടി പ്രവര്‍ത്തിക്കുകയും, സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയും ചെയ്യുക എന്നത് ജീവിതത്തിന്റെ ഭാഗമായിക്കരുതിയ ചെറുപ്പക്കാരന്, നീതിപൂര്‍വ്വം കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ സിദ്ധിയുള്ളവര്‍ക്കു മാത്രമായി കാലം കരുതി വയ്ക്കുന്ന മറ്റൊരു നിയോഗം കൂടിയുണ്ടായിരുന്നു. തര്‍ക്ക വിഷയങ്ങളില്‍ മധ്യസ്ഥനാകുക!

ഇടപെടുന്ന ഏത് വിഷയത്തേയും ഇരു വിഭാഗങ്ങള്‍ക്കും ബോദ്ധ്യപ്പെടുന്ന അന്തിമ തീര്‍പ്പിലേക്കെത്തിക്കാന്‍ അഭിഭാഷകന്‍ കൂടിയായ റഷീദലിയുടെ മികവ് കേട്ടറിഞ്ഞ്, തോണിക്കര അബുഹാജിയുടെ മകനെത്തേടി അന്യ ദിക്കുകളില്‍ നിന്നുവരെ ആളുകളെത്തിത്തുടങ്ങി എന്നിടത്താണ് ആ മദ്ധ്യസ്ഥതയുടെ പെരുമ.

ക്ലാസിക്ക് ക്ലബ്ബിന്റെ പ്രവര്‍ത്തകനായി മുന്നില്‍ നിന്ന അദ്ദേഹം റോഡ് വൃത്തിയാക്കുക, സമപ്രായക്കാരായ ആളുകളെ സംഘടിപ്പിച്ച് സാമൂഹ്യ സേവനം നടത്തുക, വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിക്കാനുള്ള സഹായം നല്‍കുക തുടങ്ങി നാടിന്‍റെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ ചെറുപ്പം മുതലേ സജീവമായിരുന്നു.

മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജില്‍ നിന്ന് രണ്ടു തവണയാണ് റഷീദലി യുയുസി ആയി തിരഞ്ഞെടുക്കപ്പെടുകയും യുഡിഎസ്എഫിന്റെ കുത്തകയായിരുന്ന യൂണിയന്‍ ഭരണം അട്ടിമറിയിലൂടെ റഷീദലിയുടെ നേതൃത്വത്തില്‍ എസ്.എഫ്.ഐ പിടിച്ചെടുക്കുകയും ചെയ്തു.

നിയമ പഠനത്തിന് മൈസൂരിലെത്തിയപ്പോഴും വിദ്യാര്‍ത്ഥികളുടെ പൊതു വിഷയങ്ങളില്‍ ഇടപെടാന്‍ റഷീദലി മുന്നില്‍ തന്നെയുണ്ടായിരുന്നു.
നിയമ പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും റഷീദലിയെ ബ്ലോക്കിലേക്ക് മത്സരിക്കാന്‍ ആവശ്യപ്പെടുന്നത്. 24ാം വയസ്സില്‍ തന്റെ കന്നിയങ്കത്തിനിറങ്ങിയത് ലീഗിന്റെ കോട്ടയായിരുന്ന മങ്കടയിലായിരുന്നു. ജയമാണെങ്കിലും പരാജയമാണെങ്കിലും നാട്ടുകാരുടെ പരാതികള്‍ കേള്‍ക്കാനും പ്രശ്‌നങ്ങളില്‍ കൂടെനില്‍ക്കാനും എന്നുമുണ്ടാകുമെന്ന സ്ഥാനാര്‍ത്ഥിയുടെ വാക്കുകള്‍ വോട്ടര്‍മാര്‍ നെഞ്ചേറ്റുകയും തകര്‍പ്പന്‍ വിജയം നേടുകയും ചെയ്തു. വര്‍ഷങ്ങളോളം അധിക്കാരകസേര വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത രാഷ്ട്രീയക്കാരുടെ ഇടയില്‍ ഒരു ഇളം തലമുറക്കാരന്‍ കടന്നുവന്നത് വോട്ടര്‍മാര്‍ പ്രതീക്ഷയോടെയാണ് നോക്കി കണ്ടത്.
നാട്ടിലെ ഓരോ വിഷയങ്ങളിലും അദ്ദേഹം തന്റെ റോള്‍ ഭംഗിയായി നിറവേറ്റി.


5 വര്‍ഷത്തെ ബ്ലോക്ക് മെമ്പര്‍ സ്ഥാനം പൂര്‍ത്തിയാക്കിയതിന് ശേഷം നടന്ന തദ്ദേശ ഇലക്ഷനില്‍ അങ്ങിടിപ്പുറം പഞ്ചായത്തിലേക്ക് മത്സരിക്കുകയും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സീനിയറായ നിരവധി മെമ്പര്‍മാരുള്ള ഭരണസമിതിയെ ഒരു ടീമായി കൊണ്ട് പോവാനും നിരവധി വികസനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും കഴിഞ്ഞതിലൂടെ ആളുകളുടെ പ്രശംസ പിടിച്ചുപറ്റാനും താഴെതട്ടിലുള്ള ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും സാധിച്ചുവെന്ന് റഷീദലി ആത്മ വിശ്വാസത്തോടെ പറയുന്നു.
പിന്നീട് നടന്ന 2015 ലെ തെരഞ്ഞെടുപ്പില്‍ അങ്ങാടിപ്പുറം ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുകയും ശ്രദ്ധേയമായ വിജയം നേടുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റായി നിന്ന അഞ്ചു വര്‍ഷത്തെ അനുഭവങ്ങളുടെ കരുത്തില്‍ പിന്നീടുള്ള വര്‍ഷങ്ങള്‍ താഴെക്കിടയിലുള്ളവര്‍ക്ക് പ്രാധാന്യം നല്‍കിയുള്ള വികസനങ്ങളായിരുന്നു നടത്തിയത്. മങ്കട, അങ്ങാടിപ്പുറം, പുഴക്കാട്ടിരി, പുലാമന്തോള്‍, ഏലംകുളം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന അങ്ങാടിപ്പുറം ഡിവിഷനില്‍ ഒരു പദ്ധതിയുടേയും ഫണ്ട് പാഴായിപ്പോയില്ല എന്നതാണ്, ആ കരുതലിന്റെ ബാക്കിപത്രം.
മലപ്പുറം ജില്ലയിലെ പല ഡിവിഷനുകളും ഫണ്ടുകള്‍ യഥാസമയം ചിലവഴിക്കാത്തതിനാല്‍ 100 കോടിയലധികം രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്തിന് നഷ്ടമാകാന്‍ പോകുന്നത്. പക്ഷെ ഒരു പ്രൊജക്ട് പോലും ബാക്കിവെക്കാതെ 100 ശതമാനം വര്‍ക്കുകള്‍ക്കും അംഗീകാരം വാങ്ങുകയും അത് മുഴുവനായും തീര്‍ക്കുകയും ചെയ്യാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തിലാണ് ഇന്ന് ഈ ജനപ്രതിനിധി.
തിരൂര്‍ക്കാട് തടത്തില്‍ വളവ് നന്നമ്പ്ര എസ്.സി കോളനി ഭവന സുരക്ഷ പ്രവൃത്തി , പാറമ്മല്‍ അംബേദ്കര്‍ കോളനിയില്‍ 15 ലക്ഷം രൂപ ചിലവില്‍ നവീകരണം പൂര്‍ത്തീകരിച്ച കാക്കകുന്ന് എസ്.സി കോളനി സംരക്ഷണം, കടുങ്ങപുരം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ടോയ്‌ലറ്റ് ബ്ലോക്കും ഗ്രൗണ്ടിന്റെ ഗാലറി നവീകരണം, കടുങ്ങപുരം ഗവ: ഹൈസ്‌കൂളില്‍ കമ്പ്യൂട്ടര്‍ ലാബ്, മങ്കട ഗവ : ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളില്‍ നിര്‍മ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കുകള്‍, 16ാം വാര്‍ഡിലെ 36 ഓളം വീടുകളുള്ള ഏറ്റവും പഴക്കമുള്ള കലകപ്പാറ കോളനിയില്‍ 20 ലക്ഷം രൂപ ചിലവഴിച്ചുള്ള നവീകരണം തുടങ്ങി മിക്ക പദ്ധതികളും കൃത്യമായ ഗൃഹപാഠങ്ങളോടെ നടപ്പിലാക്കി. കോളനികളില്‍ മിക്ക വീടുകള്‍ക്കും ചുറ്റുമതില്‍, മുറ്റം, ടൈല്‍സ് പതിക്കല്‍ എന്നീ പ്രവൃത്തികള്‍ നടത്തുകയും, കോളനി ആധുനിക വല്‍ക്കരണമെന്ന വലിയ ദൗത്യം ഏറ്റെടുക്കുകയും ചെയ്തു.

നടപ്പിലാക്കാന്‍ പോകുന്ന പദ്ധതിയെക്കുറിച്ച് ആഴത്തില്‍ പഠിച്ച് അതിന്‍റെ പ്രതികൂല സാഹചര്യങ്ങളെ ഉദ്യോഗസ്ഥരുമായി വിലയിരുത്തിയാണ് റഷീദലി മുന്നോട്ട് പോകുന്നത്. അത് കൊണ്ട് തന്നെ ഓരോ പ്രൊജക്ടും പറഞ്ഞതിലും നേരത്തെ തീര്‍ക്കാനും ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കാനും അദ്ദേഹത്തിന് സാധ്യമാകുന്നു. പലര്‍ക്കും ഫണ്ട് ലാപ്‌സായി പോകുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ്. അത്തരമൊരു ഘട്ടം വരുമ്പോള്‍ ആ പ്രതിസന്ധി മറികടക്കുന്നത് വരെ വിടാതെ പിന്തുടരുക എന്നതാണ് അദ്ദേഹത്തിന്റെ രീതി.
അങ്ങാടിപ്പുറം ഡിവിഷനില്‍ വിദ്യാഭ്യാസ, ആരോഗ്യ രംഗത്തും നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട് ഈ ജനപ്രിതിനിധിക്ക്. മങ്കട, ചേരിയം സര്‍ക്കാര്‍ സ്‌കൂളുകളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനാവശ്യമായ നിരവധി കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.


അതുപോലെ പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കുന്നതിലും റോഡ് വികസനം, കോളനി നവീകരണം, കുടിവെള്ള ക്ഷാമം പരിഹരിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സാധിച്ചതില്‍ ഏറെ സംതൃപ്തി തോന്നുന്നുണ്ടെന്ന് റഷീദലി പറയുന്നു. അങ്ങാടിപ്പുറത്ത് 30 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രതീക്ഷ ഡേ കെയര്‍ എടുത്ത് പറയേണ്ട പദ്ധതിയാണ്. ഇതിനകം തന്നെ 7 കോടിയലധികം രൂപയുടെ വികസനങ്ങളാണ് കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ഡിവിഷനില്‍ നടത്താന്‍ സാധിച്ചത്.
രാഷ്ട്രീയത്തിനും വിവാദങ്ങള്‍ക്കുമപ്പുറം സൗഹാര്‍ദ്ദങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന ജനപ്രതിനിധിയാണ് റഷീദലിയെന്ന് സഹപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയുടെ ഡയറക്ടര്‍, കര്‍ഷക സംഘത്തിന്‍റെ മങ്കട ഏരിയാ സെക്രട്ടറി, സിപിഎം മങ്കട ഏരിയാ സെന്‍റര്‍ അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്, റശീദലി.

മുന്നില്‍ നിന്ന് നയിക്കുക എന്നത് ചിലരുടെ വിധിയാണ്.
ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചാലും അവരിലെ നായകത്വത്തെ നാട് നായക സ്ഥാനത്ത് നിരന്തരം ആവശ്യപ്പെടും.
അതാണ് നായകപ്പിറവികളുടെ ചരിത്രം.
റഷീദലിയിലെ നായകന് വേണ്ടി വലിയ അധികാരസ്ഥാനങ്ങള്‍ കാലം കാത്തു വച്ചിട്ടുണ്ടാകുമെന്ന്, ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *