ശംസുക്ക ജീവിതം പറയുന്നു

മുഖ്താര്‍ പുതുപ്പറമ്പ്

ഗൾഫ്ബൂം മലയാളക്കരയെ സമ്പന്നതയിലേക്ക് കടൽ കടത്തും മുമ്പ്,
മദ്രാസ് മെയിലിലും ബോംബെ ബസ്സിലും കയറിപ്പോയവർ ജീവിതത്തെ എത്തിപ്പിടിച്ചതിൻ്റെ സാഹസികവും ദൈന്യത കലർന്നതുമായ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്.
പക്ഷേ, സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം മാനവികതയുടെ ഉയർന്ന മൂല്യങ്ങൾക്കായ് സ്വയം സമർപ്പിച്ച് അന്യ ദേശങ്ങളിൽ വ്യക്തിത്വത്തിൻ്റെ ജ്വലിക്കുന്ന മാതൃകകളാകാൻ അപൂർവ്വം ചിലർക്കേ സാധ്യമാകൂ.

അത്തരമൊരു ഉജ്ജ്വലവും സമർപ്പിതവുമായ ജീവിതത്തിൻ്റെ നേർസാക്ഷ്യമാണ് മാഹി അഴിയൂർ ദേശത്തു നിന്ന് കൗമാരം വിടും മുമ്പ് പഴയ മദ്രാസ് നഗരത്തിലെത്തിയ
അബൂബക്കർ ശംസുദ്ദീൻ്റെ ജീവിതം.

16-ാ മത്തെ വയസ്സിലാണ് അബൂബക്കര്‍ ശംസുദ്ധീന്‍ ആദ്യമായി മദ്രാസിലെത്തുന്നത്. പിതാവ് കണ്ണോത്ത് അബൂബക്കര്‍ ഹാജിയുടെ പാത പിന്തുടർന്നാണ് താൻ മദ്രാസിലെത്തിയതെന്ന് അദ്ദേഹം പറയുന്നു. സാമ്പത്തികമായി ഉയര്‍ന്ന് നില്‍ക്കുന്ന കുടുംബം.അക്കാലത്ത് നാട്ടിലെ തലയെടുപ്പുള്ള കാരണവരായിരുന്നു അദ്ദേഹത്തിൻ്റെ വല്ല്യുപ്പ കണ്ണോത്ത് അബ്ദുല്ല.
പിതാവിൻ്റെ യാത്രയെക്കുറിച്ചും തൻ്റെ ജീവിത വഴികളെ കുറിച്ചും അബൂബക്കർ ശംസുദ്ദീൻ ഓപ്പണ്‍ ഒപ്പീനിയന്‍ (www.openopinion.in) പ്രതിനിധിയുമായി പങ്കുവെക്കുന്നു.
ചെറുപ്പത്തിലെ പിതാവ് ആരെയും അറിയിക്കാതെ സുഹൃത്തിന്റെ കൂടെ ചെന്നെയിലേക്ക് വണ്ടി കയറി, അങ്ങനെയാണ് പിന്നീട് ഞാനും ആ വഴി സ്വീകരിക്കാന്‍ കാരണമായത്. അവിടെയെത്തിയ ഉപ്പ ഒരു പലചരക്ക് കടയില്‍ ജോലിക്കാരനായി. വാപ്പ നാടുവിട്ടതെങ്ങോട്ടന്നറിയാന്‍ വല്ല്യുപ്പ അന്വേഷണമാരംഭിക്കുകയും തിരച്ചിലിനൊടുവില്‍ മദ്രാസിലുണ്ടെന്നറിഞ്ഞ് അവിടെ എത്തി അദ്ദേഹം മകനെ കണ്ടെത്തുകയും ചെയ്തു. കടയില്‍ ജോലിക്കാരനായി നില്‍ക്കുന്ന മകനോട് വാത്സല്ല്യത്തോടെ കാര്യങ്ങള്‍ സംസാരിച്ച്, അവന്‍ സ്വമേധയാ കണ്ടെത്തിയ ജീവിതമാര്‍ഗത്തിന് തടസ്സം നില്‍ക്കാതെ പ്രോത്സാഹിപ്പിക്കുകയും, പിന്നീട് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാന്‍ 500 രൂപ പരിചയക്കാരനായ ആ ഷോപ്പുടമയെ ഏല്‍പിക്കുകയും ചെയ്തു. മകന്‍ വളര്‍ന്ന് പക്വതയെത്തിയാല്‍ ഇത് പോലെ ഒരു സ്ഥാപനം തുടങ്ങാനുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടാണ് വല്ല്യുപ്പ നാട്ടിലേക്ക് മടങ്ങിയത്.

3 വര്‍ഷത്തിന് ശേഷം, ഈ തുക കൊണ്ട് ബാപ്പ സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുകയും അത് പിന്നീട് പടർന്ന് പന്തലിച്ച് പല സ്ഥാപനങ്ങളായി നൂറിലധികം പേര്‍ക്ക് ജോലി നല്‍കുന്ന രീതിയിലേക്ക് മാറുകയും ചെയ്തു. 1960 കാലത്തായിരുന്നു അത്. അന്നത്തെ ആ 500 രൂപക്ക് ഇന്ന് ലക്ഷക്കണക്കിന് രൂപയുടെ മൂല്ല്യമുണ്ടെന്ന് മനസ്സിലാക്കുമ്പോഴാണ് വലിയ ഒരു ഇന്‍വെസ്റ്റ്‌മെന്‍റായിരുന്നു അന്ന് നടത്തിയിരുന്നതെന്ന് മനസ്സിലാവുന്നത്. സക്കീന സ്‌റ്റോര്‍ എന്നായിരുന്നു ബാപ്പ ആദ്യം തുടങ്ങിയ സ്ഥാപനത്തിന് നല്‍കിയ പേര്, ചെന്നൈയിലെ പാരിസില്‍ മോക്കര്‍ നല്ല മുത്തു സ്ട്രീറ്റിലായിരുന്നു ആ സ്ഥാപനം. പിന്നീട് എലൈറ്റ് ടീ സ്റ്റാൾ, ക്യൂൺസ് കൂൾ പാലസ്, ഗോൾഡൺ കേഫ് തുടങ്ങി അവസാനമായി ജൂബിലി എന്ന പേരില്‍ ഒരു മെഡിക്കല്‍ ഷോപ്പ് ആരംഭിക്കുകയുമുണ്ടായി. ബാപ്പയുടെ കാലശേഷം അത് നടത്തിവരുന്നത് ഞാനാണ്.
ബാപ്പയുടെ ജീവിതവും ബിസിനസും പ്രവര്‍ത്തനമേഖലയുമെല്ലാം ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു. മരണമടഞ്ഞതും അവിടെ വച്ച് തന്നെ. അന്നത്തെ കാലത്ത് ബിസിനസിലെ തര്‍ക്കങ്ങള്‍ക്ക് മദ്ധ്യസ്ഥം പറയാന്‍ ബാപ്പയെയാണ് പലരും ആശ്രയിച്ചിരുന്നത്. അതില്‍ അദ്ദേഹത്തിന്‍റെ കഴിവ് പിന്നീട് പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ അത് ബാപ്പയുടെ പ്രധാന പൊതു പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരുന്നുവെന്ന് തന്നെ പറയാം. മലയാളി കൂട്ടായ്മകളില്‍ പ്രത്യേകിച്ചും മദ്രാസിലെ മലബാര്‍ മുസ്ലിം അസോസിയേഷന്‍റെ (എംഎംഎ) പ്രവര്‍ത്തനങ്ങളിലൊക്കെ നേരിട്ടില്ലായിരുന്നുവെങ്കിലും അതിന്‍റെ മുഖ്യ പങ്ക് വഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അന്നത്തെകാലത്ത് എംഎംഎ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിവസേന 25 പൈസ ബാപ്പ നീക്കിവെക്കുമായിരുന്നു.


ബാപ്പയുടെ പാത പിന്തുടർന്നാണ്‌ എൺപതുകളുടെ തുടക്കത്തിൽ ഞാന്‍ ആദ്യമായി ചെന്നൈയിലെത്തുന്നത്.മാഹി ജെഎന്‍എച്ച്‌സ് സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പഠനം കഴിഞ്ഞ് തുടർ പഠനത്തിനായാണ് ചെന്നൈയിലേക്ക് ബാപ്പ കൂട്ടി കൊണ്ട് വന്നത് .ആ സമയത്ത് തന്നെ ടൈപ്പ്‌റൈറ്റിംഗ് കോഴ്‌സ് പാസ്സാകുകയും ചെയ്തു. പിന്നീട് ബോംബെ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പരീക്ഷയും വിജയിച്ച് അവിടെ ഒരു സ്ഥാപനത്തില്‍ കുറച്ച് കാലം ജോലി നോക്കുകയും ചെയ്തു. ഈ സമയത്ത് തന്നെ ബാപ്പയുടെ ബിസിനസും നോക്കുമായിരുന്നു . അന്ന് ചെന്നൈ വലിയ വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത ഒരു നഗരമാണ്. നാട്ടില്‍ നിന്ന് മദ്രാസിലേക്കുള്ള ട്രെയിന്‍ യാത്ര 17 മണിക്കൂറോളം സമയമെടുക്കും. കല്‍ക്കരി എഞ്ചിനോടുന്ന തീവണ്ടികളിലായിരുന്നു യാത്ര.

പാരീസിലെ ജോര്‍ജ് ടൗണിലായിരുന്നു ഞങ്ങളുടെ താമസം.മദ്രാസില്‍ അന്നും ഇന്നും ജനത്തിരക്കുള്ള ഏറ്റവും പ്രൗഢിയോടെയുള്ള സ്ഥലമാണ് ജോര്‍ജ് ടൗണ്‍. ജൂബിലി മെഡിക്കല്‍സ് എന്ന പേരില്‍ റീട്ടെയിൽ ഹോള്‍സെയില്‍ മേഖലയിലാണ് ഇപ്പോള്‍ ഞങ്ങളുടെ ബിസിനസ്.

ബാപ്പയുടെ മരണ ശേഷമാണ് ചെന്നൈയിലെ മലയാളി കൂട്ടായ്മയായ മലബാര്‍ മുസ്സിം അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത് നിര്‍ബന്ധിച്ച് എന്നെ മീറ്റിംഗിലേക്ക് വിളിപ്പിക്കുകയും ആദ്യ യോഗത്തില്‍ തന്നെ എന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ജോര്‍ജ് ടൗണ്‍ എംഎംഎ യുടെ ട്രഷറര്‍ ആയി കുറഞ്ഞ മാസത്തിനുള്ളില്‍ എന്നെ തെരഞ്ഞെടുക്കകയും ചെയ്തു. പിന്നീട് നടന്ന കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എന്നെ സെക്രട്ടറിയാക്കി. ഈ കമ്മിറ്റിക്ക് ജോര്‍ജ് ടൗണ്‍ എംഎംഎക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതടക്കമുളള കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത് സന്തോഷവും അഭിമാനവും നൽകിയ കാര്യമാണ്.

പിന്നീട് എംഎംഎ സെന്‍ട്രല്‍ കമ്മിറ്റിയിലേക്കും ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഈ സമയത്ത് തന്നെ ചെന്നൈ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചിരുന്നു. 2013 ല്‍ ചെന്നൈയില്‍ കെഎംസിസി ഓഫീസ് ആരംഭിക്കുന്നതിനുള്ള ഫണ്ട് ശേഖരത്തില്‍ പങ്കാളിയാവുകയും തുടര്‍ന്ന് നടന്ന മീറ്റിംഗില്‍ ചെന്നൈ കെഎംസിസിയുടെ കോർഡിനേറ്ററും തുടർന്ന് ആക്ടിംഗ് ജറനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സൈത്തൂണ്‍ പോക്കര്‍ഹാജിയായിരുന്നു ആ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി.


ചെന്നൈ നഗരത്തെയാകെ വിറപ്പിച്ചുകൊണ്ട് 2014 ഡിസംബറില്‍ പ്രളയം താണ്ഡവമാടിയ നാളുകളിലാണ് അബൂബക്കർ ശംസുദ്ദീൻ എന്ന ചെറുപ്പക്കാരനിലെ സേവന സന്നദ്ധത ചെന്നൈ മലയാളി സമൂഹം തിരിച്ചറിയുന്നത്. നഗരമാകെ നിശ്ചലമായി, ജനങ്ങള്‍ ഭീതിയുടെ നിഴലിലായി.
ആ നാളുകളെ കുറിച്ച് പറയുമ്പോൾ ഇന്നും അദ്ദേഹത്തിൻ്റെ കണ്ണുകളിൽ ഭീതിതമായ ഒരു കാലത്തിൻ്റെ നടുക്കം തെളിയുന്നു,

ആ നാളുകളെ അദ്ദേഹം ഓർത്തെടുക്കുന്നതിങ്ങനെ:
കഴിയുന്നത്ര ആളുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. എംഎംഎ യുടെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും അപ്പോള്‍ ചെന്നൈയിലില്ലാത്ത് കൊണ്ട് പ്രളയ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എംഎംഎ യുടെ സെന്‍ട്രല്‍ കമ്മിറ്റിക്ക് വേണ്ടി യോഗം വിളിക്കാന്‍ എന്നെ ചുമതലപ്പെടുത്തി. അങ്ങിനെ ഞാന്‍ നാഷണല്‍ ഹോട്ടലില്‍ എംഎംഎ യുടെ യോഗം വിളിച്ചു ചേര്‍ക്കുകയും 25 ലക്ഷം രൂപ സ്വരൂപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ദുരിതാശ്വാസ കമ്മിറ്റിയുടെ കണ്‍വീനര്‍ ആയി എന്നെയും ചെയര്‍മാനായി ഷാജിറിനെയും ട്രഷറര്‍ ആയി കെപി ഇബ്രാഹീം ഹാജിയെയും നോമിനേറ്റ് ചെയ്തു.
ഈ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ ബാംഗ്ലൂര്‍ കെഎംസിസിയുടെ പ്രവര്‍ത്തകര്‍ ചെന്നൈ ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ വസ്തുക്കളുമായി വരുന്നുണ്ടെന്നും അത് കോഡിനേറ്റ് ചെയ്യണമെന്നും ചെന്നൈ കെ. എം സി സി യുടെ പ്രസിഡന്റ് കുഞ്ഞിമോൻ ഹാജി വിളിച്ചറിയിക്കുകയുണ്ടായി.

അതോടെ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞു. അവസാനം എംഎംഎ യുടെ റിലീഫ് കമ്മിറ്റിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറി കെഎംസിസിയുടെ ഫ്ലഡ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങേണ്ടി വന്നു. ബാംഗ്ലൂരില്‍ നിന്നടക്കമുള്ള റിലീഫ് സാധനങ്ങള്‍ തമിഴ് നാട് മുസ്ലിം ലീഗുമായി സഹകരിച്ച് കൊണ്ട് റിലീഫ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് സുഹൃത്തുക്കളായ നൗഫൽ സൈത്തൂൺ, സാജിദ് പാംശോർ, ഫൈസൽ ബാബു തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ചെന്നൈയിലെ സംസം ഹോട്ടലില്‍ ഒരു മീറ്റിംഗ് വിളിച്ചു ബംഗളൂരു കെ എം സി സി പ്രവർത്തകർക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള കാര്യങ്ങള്‍ തകൃതിയായി നടത്തി. പുലര്‍ച്ചയായപ്പോഴേക്കും ബാംഗ്ലൂരില്‍ നിന്ന് ഭക്ഷണസാധനങ്ങളുമായി വാഹനങ്ങളെത്തി. അത് കോഡിനേറ്റ് ചെയ്യുക, എല്ലാദിവസവും റിവ്യൂ മീറ്റിംഗ് വിളിക്കുക, വോളണ്ടിയേഴ്സിനെയും, വീടുകളില്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് വാഹനങ്ങളും മറ്റു സൗകര്യങ്ങളും ഏര്‍പ്പാടാക്കുക, അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജോലിയും കുടുംബകാര്യങ്ങളുമെല്ലാം മാറ്റിവെച്ച് സജീവമായി. ഏകദേശം രണ്ടാഴ്ച കൊണ്ട് 48000 കുടുംബ്ബങ്ങൾക്ക് സഹായങ്ങൾ എത്തിക്കുവാൻ കഴിഞ്ഞു ഇത് വളരെ വിജയകരമായി സമാപിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലും മതിപ്പുളവാക്കുകയും ചെയ്തു. ഇത് കെഎംസിസിയിലെക്കുള്ള എന്‍റെ ഫസ്റ്റ് എന്‍ട്രി ആയിരുന്നു എന്നു തന്നെ പറയാം.

ഇതിനിടയില്‍ മുസ്ലിം ലീഗിന്‍റെ ഒരു നാഷണല്‍ കൗൺസിൽ മീറ്റിംഗ് ചെന്നൈ അബൂപാലസില്‍ നടക്കുകയാണ്, അതിലേക്ക് എനിക്കും ഒരു ക്ഷണം കിട്ടുകയുണ്ടായി.

സംസ്ഥാന ദേശീയ നേതാക്കളുള്ള വേദിയില്‍ നിലവിലെ ഫ്ലഡ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും കെഎംസിസിയുടെ ചെന്നൈയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കാന്‍ അവസരം കിട്ടുകയും മലയാളേതര പ്രതിനിധികൾക്കും മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ ഞാനത് ഇംഗ്ലീഷില്‍ അവതരിപ്പിക്കുകയും ചെയ്തു.

ആ മീറ്റിംഗില്‍ കെഎംസിസിയെ പുനസംഘടിപ്പിക്കുന്നതിനെക്കുറിച്ചും എല്ലാം സംസ്ഥാനങ്ങളിലും കമ്മിറ്റി രൂപീകരിക്കുന്നതടക്കമുള്ള ചര്‍ച്ചകളും ഉണ്ടായി.

ഇതിന്‍റെ തുടര്‍ച്ചയെന്നോണം ഇന്ത്യയിലെ കെഎംസിസിയുടെ പ്രവര്‍ത്തകരുടെ ഒരു യോഗം പോണ്ടിച്ചേരി കെ എം സി സി ജനറൽ സെക്രട്ടറി നാസർ സാഹിബ് മുന്നിട്ടിറങ്ങി കേരള സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ് സാഹിബിന്‍റെ സാന്നിധ്യത്തിൽ മലപ്പുറം ജില്ലാ ലീഗ് ഓഫീസില്‍ ചേരുകയുണ്ടായി. അവിടെ വെച്ച് ആള്‍ ഇന്ത്യ കെഎംസിസിക്ക് ഒരു അഡ്ഹോക്ക് കമ്മിറ്റി ഉണ്ടാക്കാന്‍ തീരുമാനമാവുകയും അതിന്‍റെ ചെയർമാനായി ബാംഗ്ലൂരില്‍ നിന്നുള്ള നൗഷാദും ജനറല്‍ കണ്‍വീനര്‍ ആയി എന്നെയും തെരഞ്ഞെടുത്തു. 17 അംഗ കമ്മിറ്റിക്കും രൂപം നല്‍കി.

2 വര്‍ഷം അഡ്‌ഹോക്ക് കമ്മിറ്റിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഭരണഘടന ഉണ്ടാക്കി, വിവിധ സംസ്ഥാനങ്ങളിൽ മീറ്റിംഗ് വിളിച്ചു. ആ താല്‍ക്കാലിക കമ്മിറ്റിയുടെ കാലാവധി അവസാനിച്ചപ്പോള്‍ 2017 നവംബറില്‍ ചെന്നൈയില്‍ വെച്ച് ആള്‍ ഇന്ത്യ കെഎംസിസിയുടെ ആദ്യ മീറ്റിംഗ് ചേരുകയും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. അഡ്ഹോക്ക് കമ്മിറ്റി ഉണ്ടാക്കിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി കെഎംസിസി സജീവമാക്കാനും പലരെയും സംഘടനയിലേക്ക് അടുപ്പിക്കാനും സാധിച്ചു.

സംഘടനയുടെ നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ ഈ ഘട്ടത്തിൽ താൽപര്യം പ്രകടിപ്പിച്ചെങ്കിലും തമിഴ് നാട് കെഎംസിസി ഭാരവാഹികളുടെ സ്നേഹവായ്പിന് മുന്നിൽ തമിഴ് നാടിന്റെ പ്രതിനിധിയായി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എന്‍റെ പേര് നിർദ്ദേശിച്ചത് അംഗീകരിക്കുകയും അങ്ങിനെ ഔദ്യോഗികമായി ആള്‍ ഇന്ത്യ കെഎംസിസിയുടെ ജനറല്‍ സെക്രട്ടറിയായി ഞാൻ ചുമതലയേറ്റു.

ഏറ്റെടുക്കുന്ന സ്ഥാനങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്യുക എന്നതിൽ വിട്ടുവീഴ്ച്ച അരുതെന്നാണ് എൻ്റെ നിലപാട്. അത് ഞാന്‍ സഹപ്രവര്‍ത്തകരെയും ഓര്‍മ്മപ്പെടുത്താറുണ്ട്.

ഈ ഘട്ടത്തിലാണ്. ആള്‍ ഇന്ത്യ കെഎംസിസിയെ ലീഗിന്റെ പോഷക സംഘടനയായി പാര്‍ട്ടി അംഗീകരിക്കുന്നത്. ഇപ്പോള്‍ നൂറിലധികം ഏരിയ കമ്മിറ്റികളും തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, പോണ്ടിച്ചേരി, തെലങ്കാന, ആദ്ധ്രപ്രദേശ്, ഗുജറാത്ത്, ഡല്‍ഹി, ആന്തമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, ചത്തീസ്ഗഢ് അടക്കം 12 ഓളം സംസ്ഥാനങ്ങളില്‍ കമ്മിറ്റിയുമുണ്ട്.

ബാംഗ്ലൂര്‍ സെന്‍ട്രല്‍ കമ്മിറ്റിയടക്കം പല കമ്മിറ്റികളും വളരെ സജീവമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
കെഎംസിസിയുടെ ഭരണഘടന അനുസരിച്ചുള്ള പ്രവര്‍ത്തന രീതിയിൽ ഒരു വിട്ടുവീഴ്ച്ചയുമില്ലാതെയാണ് തമിഴ്‌നാട് സംസ്ഥാനത്തെ കമ്മിറ്റികളുടെ പ്രവർത്തനം.
നിലവില്‍ ചെന്നൈ സെന്‍ട്രല്‍ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും തമിഴ് നാട് സംസ്ഥാന കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റുമാണ് ഞാന്‍.നിരവധി പ്രവര്‍ത്തനങ്ങളാണ് ചെന്നെ സെൻട്ൽ കമ്മിറ്റി നടത്തിവരുന്നത്. ഓഡിറ്റിംഗ് സംവിധാനത്തോടെയാണ് ഞങ്ങളുടെ പ്രവ‍ര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.
പഠിക്കാന്‍ തല്‍പരരായ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി സഹായങ്ങള്‍ ചെയ്തുവരുന്നു. യുജിക്ക് പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും ഒരു സെമസ്റ്ററിന് 6000 രൂപ വീതവും പിജിക്ക് പഠിക്കുന്നവര്‍ക്ക് 12000 രൂപയും നല്‍കുന്നുണ്ട്.ചെന്നൈ, ചെങ്കല്‍പേട്ട, കാഞ്ചിപുരം, തിരുവള്ളൂര്‍, വെല്ലൂര്‍ എന്നിങ്ങനെ 5 ജില്ലകളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്കാണ് ഈ സഹായം നല്‍കുന്നത്. എല്ലാ മാസവും 10-ാം തിയ്യതി ഇതിനായി മീറ്റിംഗ് കൂടുകയും ആവശ്യക്കാരുടെ അപേക്ഷകള്‍ക്ക് അംഗീകാരംനല്‍കുIകയും ചെയ്യുന്നു. കഴിഞ്ഞ മീറ്റിംഗില്‍ മാത്രം 27 അപേക്ഷര്‍ക്ക് 203000 രൂപ അനുവദിച്ചു.

ആരോഗ്യ മേഖലയിൽ മെഡിസിന്‍ കെയര്‍ എന്ന പദ്ധതിയിലൂടെ സ്ഥിരമായി മെഡിസിന്‍ കഴിക്കുന്നവര്‍ക്ക് എല്ലാമാസവും 1000 രൂപ നല്‍കി വരുന്നു. ഇതുവരെ 145 പേര്‍ക്കാണ് സഹായം നല്‍കിയത്. അന്നദാനം പദ്ധതിയാണ് മറ്റൊന്ന്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ 9600 പേര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ സാധിച്ചിട്ടുണ്ട് അതിനുപുറമെ 20000 പേര്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള സംഖ്യ ഇതിനകം ബാങ്കിലുണ്ട്. കൂടാതെ
അസുഖം ബാധിച്ച കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പ്രോട്ടീന്‍ ഫണ്ടിലേക്ക് ആഴ്ചയില്‍ 3250 രൂപയാണ് മാറ്റി വെക്കുന്നത്. അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പീഡിയാട്രിക് വാര്‍ഡിലാണ് ഇത് കൊടുക്കുന്നത്. അപേക്ഷയുടെ അടിസ്ഥാനത്തില്‍ പ്രൊവിഷന്‍ കിറ്റും കമ്മിറ്റി നല്‍കി വരുന്നുണ്ട്. കഴിഞ്ഞ 3 മാസത്തില്‍ 32 പേര്‍ക്കാണ് ഈ സഹായം കൊടുക്കാന്‍ കഴിഞ്ഞത്.

സെല്‍ഫ് എംപവര്‍ പദ്ധതിയിൽ ഒരാള്‍ക്ക് 25000 രൂപ വീതം നല്‍കി വരുന്നു.തയ്യൽ മെഷീന്‍, കാലി വളര്‍ത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഇത് നല്‍കുന്നത്.സജീവ കെഎംസിസി പ്രവര്‍ത്തകര്‍ക്ക് 25000 രൂപയും അല്ലാത്തവര്‍ക്ക് 10000 രൂപ വീതവും പലിശ രഹിത വായ്പയായി നല്‍കുന്നുണ്ട്. കുടിവെള്ള വിതരണം, ചെറിയ ചെലവില്‍ ആംബുലന്‍സ് സൗകര്യം എന്നിവയും ചെയ്തു വരുന്നു. കൂടാതെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലും അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ദീര്‍ഘകാല ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് പുറത്ത് താമസിക്കേണ്ടി വന്നാല്‍ അവര്‍ക്ക് 3 മാസത്തെ വാടകയും ചെന്നൈ കെഎംസിസി നല്‍കി വരുന്നു. ഇങ്ങനെ ഒരു വര്‍ഷം മാത്രം ലക്ഷക്കണക്കിന് രൂപയാണ് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി സംഘടന മാറ്റിവെക്കുന്നത്
ഇന്ത്യയില്‍ കമ്മിറ്റിയില്ലാത്ത മറ്റു സംസ്ഥാനങ്ങളില്‍ കമ്മിറ്റി രൂപീകരിക്കുക, കൂടുതല്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുക, സംഘടനയ്ക്ക് കേഡര്‍ സംവിധാനം കൊണ്ടുവരിക എന്നിവയൊക്കെയാണ് മനസ്സിലുള്ള പദ്ധതികളെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജീവിത വഴി തിരഞ്ഞെടുക്കാനെത്തിയ മണ്ണിൽ വിജയത്തോടൊപ്പം സേവന പാതയിലും മുന്നേറാനായതിൻ്റെ സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് പുതിയ തലമുറയ്ക്ക് മാതൃകാ ജീവിതത്തിൻ്റെ പ്രകാശം പകർന്നു കൊണ്ട് അബൂബക്കർ ശംസുദ്ദീൻ.

ഭാര്യ റസിയ ഷംസുദ്ദീൻ, മൂത്തമകൾ ഡോ. ഷഹാന, രണ്ടാമത്തെ മകൻ ഷസീം (വൈസ് പ്രസിഡന്റ് എച്ച് എസ് ബി സി ഡൽഹി) മൂന്നാമത്തെ മകൾ ഫാത്തിമ ഷിറീൻ (വിദ്യാർത്ഥി), മരുമകൻ ഡോ സലാഹുദ്ദീൻ, മരുമകൾ ഫാത്തിമ ഫിദ, സഹോദരങ്ങൾ നവാസ്, നൗഫൽ, സമീറ, മാതാവ് റാബിയ എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *