ലീഗിനെതിരെ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകള്‍; ചേലക്കരയില്‍ മത്സരിച്ചേക്കില്ല

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അധികവും വ്യാജമാണ് എന്നത് മുസ്‌ലിം ലീഗ് കേന്ദ്രങ്ങളെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ചേലക്കര നിയോജക മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ മത്സരിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നിരുന്നു. തൃശൂര്‍ ജില്ലയില്‍ മുസ്‌ലിം ലീഗിന് ഗുരുവായൂര്‍ കഴിഞ്ഞാല്‍ ഏറെ സ്വാധീനമുള്ള മണ്ഡലമാണ് ചേലക്കര. ഗുരുവായൂരിന് പുറമെ തൃശൂര്‍ ജില്ലയില്‍ മുസ്ലിം ലീഗ് രണ്ടാമതൊരു മണ്ഡലം ചോദിക്കുകയാണെങ്കില്‍ സ്വാഭാവികമായും അത് ചേലക്കര ആയിരിക്കും. എന്നാല്‍ തൃശൂരില്‍ ഒന്നിലധികം മണ്ഡലങ്ങള്‍ വേണമെന്ന ആവശ്യം മുസ്‌ലിം ലീഗ് നേതൃത്വം ശക്തമായി യു ഡി എഫില്‍ ഉന്നയിച്ചിട്ടില്ല. നിലവില്‍ ഗുരവായൂരില്‍ മത്സരിച്ച് ജയിക്കുക എന്ന ലക്ഷ്യത്തിലാണ് തൃശൂരിലെ മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം ഉള്ളത്.
തൃശൂര്‍ ജില്ലയിലെ നാട്ടിക, ചേലക്കര മണ്ഡലങ്ങള്‍ എസ് സി സംവരണ സീറ്റുകളാണ്. ചേലക്കരയില്‍ കോണ്‍ഗ്രസ് നിയമസഭാ പ്രചാരണത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്.

കോണ്‍ഗ്രസ് മത്സരിക്കുന്ന തവനൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് ഏറ്റെടുക്കുമെന്നതാണ് പ്രചരിക്കുന്ന മറ്റൊരു വാര്‍ത്ത. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ നിലവില്‍ യാതൊരു അവകാശവാദവും മുസ്ലിം ലീഗ് ഉന്നയിച്ചിട്ടില്ല. മന്ത്രി ഡോ. കെ ടി ജലീലിന്റെ സിറ്റിംങ് സീറ്റായ തവനൂരില്‍ ജീവകാരുണ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പിലിനെ മത്സരിപ്പിക്കുമെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ മലപ്പുറം ജില്ലയില്‍ എവിടെയും പൊതുസ്വതന്ത്രരെ മത്സരിപ്പിക്കുന്നത് മുസ്‌ലിം ലീഗിന്റെ പരിഗണനയില്‍ ഇല്ല. തവനൂരില്‍ കോണ്‍ഗ്രസ് തന്നെയാണ് ഇത്തവണയും മത്സരിക്കുക. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉള്‍പ്പെടെയുള്ളവരെയാണ് കോണ്‍ഗ്രസ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിലും ഫിറോസ് കുന്നുംപറമ്പിലിന്റെ പേര് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഒറ്റപ്പാലം കോണ്‍ഗ്രസിന്റെ സീറ്റാണ്. ഒറ്റപ്പാലം മണ്ഡലത്തിലെ കരിമ്പുഴ, തച്ചനാട്ടുകര പഞ്ചായത്തുകള്‍ മുസ്‌ലിം ലീഗാണ് ഭരിക്കുന്നത്. ഒറ്റപ്പാലം മണ്ഡലത്തില്‍ മുസ്‌ലിം ലീഗിന് ശക്തമായ സ്വാധീനം ഉണ്ട്. എന്നാല്‍ പാലക്കാട് ജില്ലയില്‍ നിലവില്‍ മത്സരിക്കുന്ന മണ്ണാര്‍ക്കാടിന് പുറമെ പട്ടാമ്പിയില്‍ മത്സരിക്കുന്നതിനെ കുറിച്ചാണ് ലീഗില്‍ ചര്‍ച്ച നടക്കുന്നത്. ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് തന്നെ മത്സരിക്കും. ഐ എ എസ് രാജിവെച്ച് രാഷ്ട്രീയത്തില്‍ സജീവമായ കോണ്‍ഗ്രസ് യുവനേതാവ് ഡോ. പി സരിന്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.

തിരുവമ്പാടി സീറ്റ് മുസ്‌ലിം ലീഗ് ഉപേക്ഷിക്കുമെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. ക്രിസ്ത്യന്‍ സമുദായം എതിരായത് കൊണ്ട് തിരുവമ്പാടി ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് മുസ്ലിം ലീഗില്‍ ചര്‍ച്ചയുണ്ട് എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത് എം വി നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനലാണ്. തിരുവമ്പാടിയില്‍ വിജയസാധ്യത ഉണ്ട് എന്നാണ് മുസ്‌ലിം ലീഗ് വിലയിരുത്തിയിട്ടുള്ളത്. തിരുവമ്പാടിയില്‍ മത്സരിക്കാനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളിലാണ് മുസ്‌ലിം ലീഗുള്ളത്.
വ്യാജ വാര്‍ത്തകള്‍ അധികവും വരുന്നത് റിപ്പോര്‍ട്ടര്‍ ടി വിയിലാണ്. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളും മുസ്‌ലിം ലീഗിനെതിരെ വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രസിദ്ധീകരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *