ഷബീർ രാരങ്ങോത്ത്
ശാസ്ത്രീയ സംഗീതമഭ്യസിച്ചിട്ടില്ല. പരമ്പരാഗത ശൈലിയില്‍ പാട്ട് ചൊല്ലിക്കൊടുത്ത് പഠിപ്പിക്കാന്‍ ആരുമുണ്ടായില്ല. യാതൊരു സംഗീത പാരമ്പര്യവുമില്ല. പക്ഷേ, പാട്ടു കൊണ്ട് മനസകങ്ങളിലേക്ക് കുളിര് മഴ പെയ്യിച്ചതായിരുന്നു ആ നാദം. എസ് പി ബി എന്ന മൂന്നക്ഷരം എല്ലാ സംഗീതപ്രേമികളുടെയും ഇഷ്ട ശബ്ദത്തിനുടമയാണ്. പാട്ടെന്നാല്‍ ഹൃദയങ്ങളിലേക്കുള്ള പെയ്ത്താണെന്ന് സ്ഥാപിക്കാന്‍ എസ് പി ബിയെ മാത്രം ഉദാഹരിച്ചാല്‍ മതിയാകും. ആ നാദ ധാരയ്ക്കാണ് ഇപ്പോള്‍ തടസമുണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ കണ്ഠത്തിലൂടെ ഇനിയൊരു ഗാനം പിറവി കൊള്ളില്ലെന്നാകിലും അദ്ദേഹം തീര്‍ത്തു വെച്ച ഗാനസാഗരം നമുക്ക് മുന്പിലുണ്ടല്ലോ.
തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, അസമീസ്, ഹിന്ദി, ബംഗാളി തുടങ്ങി പതിനാറു ഭാഷകളിലായി 40000 ല്‍ പരം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇത്രയേറെ ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചയാള്‍ ലോകത്തില്‍ മറ്റാരുമില്ല. മനസു കൊണ്ട് അര്‍പ്പണ ബോധത്തോടെ പാട്ടിനെ പ്രണയിക്കുന്ന ഒരാള്‍ക്കു മാത്രം സാധ്യമായ ഒന്നാണ് അത്. അത് എസ് പി ബി മാത്രമാണെന്ന് പറയേണ്ടി വരും.
തെലുങ്ക് ഭാഷയില്‍ അരങ്ങേറിയ എസ് പി ബി പിന്നീട് മലയാളത്തിന്റെയും തമിഴിന്റെയും പ്രിയ ഗായകനായി പേരെടുത്തു.
എം ജി ആര് നായകനായ അടിമൈപ്പെണ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തമിഴില്‍ ചിരപ്രതിഷ്ഠ നേടുന്നത്. കെ വി മഹാദേവന്റെ സംഗീതത്തില്‍ പി സുശീലക്കൊപ്പം ആലപിച്ച ‘ആയിരം നിലവേ വാ ‘ എന്ന ഗാനമാണ് തമിഴില്‍ ഹിറ്റ് സമ്മാനിച്ച ആ ഗാനം. അതിനു മുന്‍പും ചില പാട്ടുകള്‍ തമിഴില്‍ പാടിയിരുന്നെങ്കിലും വേണ്ടത്ര അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എം ജി ആര് നായകനായ അടിമൈപ്പെണ് എന്ന സിനിമക്കു വേണ്ടി ഈ ഗാനം പഠിച്ചു തയ്യാറായിരിക്കുകയായിരുന്നു എസ് പി ബി.
എത്രയും പെട്ടെന്ന് പാട്ട് റിക്കാര്‍ഡ് ചെയ്യേണ്ട സന്ദര്‍ഭമാണ്. തൊട്ടടുത്ത ദിവസം തന്നെ എം ജി ആറിനെ വെച്ച് ആ ഗാനരംഗം ഷൂട്ട് ചെയ്യാനുള്ളതാണ്. റിക്കാര്‍ഡിംഗ് ദിവസം എസ് പി ബി ടൈഫോയിഡ് പിടിപെട്ട് അവശനായി. തിരക്കുള്ള നടനായ എം ജി ആര് എസ് പി ബി എന്ന പുതിയ ഗായകനു വേണ്ടി ഡേറ്റ് മാറ്റി നല്‍കുമെന്ന് വിശ്വസിക്കുക തരമില്ലല്ലോ. അത്ഭുതമെന്നു പറയാമല്ലോ, എം ജി ആര് രണ്ടാഴ്ചത്തേക്കു ഷൂട്ടിംഗ് നീട്ടിവെക്കാന്‍ അനുമതി നല്കി. അസുഖം ഭേദമായ ശേഷം എസ് പി ബി ഗാനം റിക്കാര്‍ഡ് ചെയ്യുകയും ആയിരം നിനവേ വാ എന്ന ഗാനം ഹിറ്റാവുകയും ചെയ്തു. പിന്നീടൊരിക്കല്‍ എം ജി ആറിനോട് എസ് പി ബി എന്തുകൊണ്ടാണ് അന്ന് ഷൂട്ട് നീട്ടി വെക്കാന്‍ അനുവദിച്ചതെന്ന് ആരായുകയുണ്ടായി. ‘എം ജി ആറിനു വേണ്ടിയാണ് താങ്കള്‍ പാടാന്‍ പോകുന്നതെന്ന് പലരോടും പറഞ്ഞിട്ടുണ്ടാകുമല്ലോ, ഈ അവസരം നഷ്ടമായാല്‍ താങ്കള്‍ക്കുണ്ടായേക്കാവുന്ന പ്രയാസം എനിക്ക് മനസിലാവും.’ എന്നായിരുന്നു എം ജി ആറിന്റെ മറുപടി. ആ ഗാനമാണ് എസ് പി ബിയുടെ തമിഴ് ഗാന ശാഖയിലെ യാത്രയ്ക്ക് എളുപ്പം സൃഷ്ടിച്ചത്.
1969 ലാണ് അദ്ദേഹം മലയാള ഗാന ശാഖയെ തൊട്ട് അനുഗ്രഹിക്കുന്നത്. കടൽപ്പാലം എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്കിയ ‘ഈ കടലും മറുകടലും’ എന്ന ഗാനം ആയിരുന്നു അരങ്ങേറ്റ ഗാനം. പിന്നീട് തുടര്‍ച്ചയായി മൂന്നു സിനിമകളില്‍ അദ്ദേഹം മലയാളത്തിനായി പാടി. അതിനിടെ തമിഴില്‍ തിരക്കിലായ അദ്ദേഹം നാലു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മലയാളത്തില്‍ വീണ്ടും കടന്നു വരുന്നത്. ആ വരവ് പക്ഷേ, എസ് പി ബി എന്ന മൂന്നക്ഷരം മലയാളക്കരയില്‍ ബ്രാന്റ് ചെയ്ത വരവായിരുന്നു. ഹിറ്റ് ചാര്‍ട്ടുകളില്‍ എസ് പി ബിയുടെ ഗാനങ്ങള്‍ ഒന്നൊഴിയാതെ വന്നു കൊന്റിരുന്നു. ഒട്ടും ശാസ്ത്രീയ സംഗീതമഭ്യസിക്കാത്ത എസ് പി ബി ശങ്കരാഭരണം പോലുള്ള സിനിമകളില്‍ കര്‍ണാടക സംഗീതത്തിന്റെ അതിപ്രസരമുള്ള ഗാനങ്ങള്‍ അനായാസം പാടിത്തകര്‍ത്തു. ഒരു പുതുയുഗം തന്നെ എസ് പി ബി നിര്‍മിച്ചെടുക്കുകയായിരുന്നു.
ദക്ഷിണേന്ത്യയില്‍ ഏറെ പ്രശസ്തനായിരിക്കെയാണ് ശങ്കരാഭരണത്തിലെ ഗാനങ്ങളുമായി കെ വി മഹാദേവന് എസ് പി ബിയെ സമീപിക്കുന്നത്. നോ എന്നതായിരുന്നു ആദ്യ ഉത്തരം. എസ് പി ബിയുടെ അച്ഛനെ കണ്ട് കെ വിശ്വനാഥ് കഥ പറയുകയും പാടാനായി മകനെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. ശാസ്ത്രീയ സംഗീത പ്രാധാന്യമുള്ള ഗാനങ്ങള്‍ വഴങ്ങില്ലെന്നും മറ്റാരെയെങ്കിലും സമീപിക്കൂ എന്നുമായിരുന്നു മറുപടി. എന്നാല്‍, ഏറെ നേരത്തെ നിർബന്ധങ്ങള്‍ക്കൊടുവില്‍ അച്ഛന്റെ കൂടി സമ്മര്‍ദ്ദ ഫലമായാണ് എസ് പി ബി ശങ്കരാഭരണത്തില്‍ പാടാമെന്നു സമ്മതിക്കുന്നത്.
നൊട്ടേഷനുകള്‍ നോക്കി പാടാത്ത എസ് പി ബി ഹൃദിസ്ഥമാക്കി പാടുകയാണ് ചെയ്യാറ്. പാട്ടു പഠിച്ച് അദ്ദേഹം പാടിത്തീര്‍ത്തു. ശങ്കരാഭരണത്തിലെ പാട്ടുകള്‍ പുറത്തു വന്നതോടെ എസ് പി ബി മറ്റൊരു തലത്തിലേക്കുയരുകയായിരുന്നു. ഗായകനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.
ആളുകളുടെ മനസിലേക്കായിരുന്നു അദ്ദേഹത്തിന്റെ സംഗീതം പെയ്തിരുന്നത്. ഒന്നു കേട്ടാല്‍ വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന ഒട്ടനവധി ഗാനങ്ങള്‍ ആ ശബ്ദത്തില്‍ പിറവി കൊണ്ടിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു വൈരമുത്തു രചിച്ച് വിദ്യാസാഗര്‍ ഈണം നല്കിയ മലരെ മൗനമാ എന്ന ഗാനം.
ഈ സിനിമയിലെ ഗാനങ്ങള്‍ റിക്കാര്‍ഡ് ചെയ്യുന്ന സമയം. രാത്രി എട്ടു മണിക്ക് ശേഷം റിക്കാര്‍ഡ് ചെയ്യുന്ന പതിവ് എസ് പി ബിക്ക് ഇല്ല. എട്ടു മണിയോടടുത്ത് എസ് പി ബി പോകാനൊരുങ്ങുന്ന സമയത്താണ് വിദ്യാസാഗര്‍ ഈ പാട്ടിനായി എസ് പി ബിയോട് ആവശ്യപ്പെടുന്നത്. സമയം എട്ടു മണിയായി ഇനി പാടുക വയ്യ. എന്തായാലും നാളെ നോക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈയൊരൊറ്റ പാട്ട് പാടിപ്പൊയ്ക്കൂടേ എന്ന് വിദ്യാസാഗര്‍ താഴ്മയായി അപേക്ഷിക്കുന്ന സന്ദര്‍ഭങ്ങള്‍ വരെ ഉണ്ടായി. എസ് പി ബി പക്ഷേ ഉറച്ച നിലപാടിലായിരുന്നു. പറ്റില്ല എന്ന് തീര്‍ത്തു പറഞ്ഞു. എന്നാല്‍ പാടണ്ട ഫിമെയില്‍ പോര്‍ഷന്‍ കേട്ടിട്ടു പോകാമോ എന്നായി വിദ്യാസാഗറിന്റെ അഭ്യര്‍ഥന. പാതിമനസിലാണ് എസ് പി ബി സമ്മതം മൂളുന്നത്. ജാനകിയമ്മ പാടിവെച്ച ഫിമെയില്‍ പോര്‍ഷന്‍ കേട്ട എസ് പി ബി മുഖം പൊത്തിയിരുന്നു. താന്‍ ഈ പാട്ട് ഇപ്പൊ തന്നെ പാടിയിട്ടേ പോകൂ എന്നായി പിന്നീട് എസ് പി ബി. നിറഞ്ഞ മനസുമായി പാട്ടു പാടി മുഴുമിപ്പിച്ച എസ് പി ബി വിദ്യാജിയെ അടുത്തു വിളിച്ച് തനിക്കൊന്നുകൂടി പാടണം എന്ന് ആവശ്യപ്പെട്ടു. മനോഹരമായി എസ് പി ബി പാടിവെച്ചിട്ടുള്ളതില് പൂര്‍ണ തൃപ്തനായിരുന്ന വിദ്യാസാഗറിന് വീണ്ടും പാടണമെന്നുള്ള എസ് പി ബിയുടെ ആഗ്രഹത്തിന്റെ ലോജിക് മനസിലായിരുന്നില്ല. ഇപ്പൊ പാടിയതു തന്നെ ഓ കെ ആണല്ലോ എന്നു പറഞ്ഞ വിദ്യാജിയോട്, തനിക്കീ പാട്ട് ഏറെ ഇഷ്ടപ്പെട്ടെന്നും ഇത് വീണ്ടും പാടുക തന്നെ വേണമെന്നും സ്റ്റുഡിയോ വാടകയാണ് പ്രശ്നമെങ്കില്‍ താന്‍ കൊടുത്തോളാമെന്നും എസ് പി ബി പറഞ്ഞു. ഒരു തവണയല്ല, പല തവണ എസ് പി ബി ആ പാട്ടുപാടി. ഓരോ തവണയും പുതിയതായി ഏറെ മനോഹരമായി അനുഭവപ്പെട്ടു. മതി സാര്‍, ഇതു മതി എന്നു പറയുന്ന വരേക്കും ആ ആലാപനം നീണ്ടു. അത്രയേറെ ഹൃദയത്തോടു ചെര്‍ത്താണ് എസ് പി ബി ആ ഗാനം പാടിയത്. അതുകൊണ്ടു തന്നെയാവാം ഓരോ കേള്‍വിയിലും അത് പുത്തനനുഭവം സമ്മാനിക്കുന്നത്.
അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ പിറവിയെടുത്ത ഗാനങ്ങള്‍ നമ്മുടെയൊക്കെയുള്ളിലുള്ളിടത്തോളം കാലം അദ്ദേഹം ജീവിക്കുക തന്നെ ചെയ്യും.